ജനസാഗരം സാക്ഷി; പ്രിവിലേജ് കാർഡുമായി കെ.എം.സി.സി
text_fieldsദോഹ: അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലും പുറത്തുമായി തിങ്ങിനിറഞ്ഞ പ്രവർത്തകരെ സാക്ഷിയാക്കി ഖത്തർ കെ.എം.സി.സിയുടെ പുതിയ പദ്ധതിയായ പ്രിവിലേജ് കാർഡ് അംഗങ്ങളിലേക്ക്. പ്രൗഢഗംഭീരമായ ചടങ്ങിൽ മുസ്‍ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു കാർഡ് പുറത്തിറക്കിയത്. രമ്യ ഹരിദാസ് എം.പി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. നവീനമായ ആശയങ്ങളുമായി സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ ഖത്തർ കെ.എം.സി.സിയുടെ പ്രവർത്തനങ്ങളെ പ്രിവിലേജ് കാർഡ് പുറത്തിറക്കിക്കൊണ്ട് പി.കെ. കുഞ്ഞാലിക്കുട്ടി അഭിനന്ദിച്ചു. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിന്റെ സംഭവവികാസങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഉദ്ഘാടന പ്രസംഗം. മതേതര കൂട്ടായ്മ ശക്തമായാല്‍ തീരുന്നതേയുള്ളൂ കേന്ദ്രത്തിലെ ബി.ജെ.പിയുടെ ഭരണമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന്റെ പ്രകടനത്തെയും വിമർശിച്ചു.
ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇത്രയും പിറകോട്ടുപോയ മറ്റൊരു ഭരണകൂടം കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നും വികസനം മറക്കുകയും റോഡിലെ കുഴിയടക്കാന്‍ പോലും നട്ടംതിരിയുന്ന ഒരു ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല മുസ്‍ലിം ലീഗ് ട്രഷററും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല ആശംസ നേര്‍ന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജ്, ഇന്ത്യന്‍ കമ്യൂണിറ്റി ആൻഡ് ബെനവലന്റ് ഫോറം ആക്ടിങ് പ്രസിഡന്റ് വിനോദ് നായര്‍, വിവിധ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍, ഖത്തര്‍ കെ.എം.സി.സി നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍സെക്രട്ടറി അസീസ് നരിക്കുനി സ്വാഗതവും ട്രഷറര്‍ കെ.പി. മുഹമ്മദലി പട്ടാമ്പി നന്ദിയും പറഞ്ഞു. സുഹൈല്‍ റഹ്മാനി ഖുര്‍ആന്‍ പാരായണം ചെയ്തു. സലീം പാവറട്ടി, ശിവപ്രിയ, ആരിഫ, ആഷിഖ് മാഹി, സല്‍മാന്‍ അരിമ്പ്ര എന്നിവര്‍ പങ്കെടുത്ത ഗാനവിരുന്നും ചടങ്ങിന് മിഴിവേകി. ഷഫീര്‍ വാടാനപ്പള്ളി, ലിന്‍ഷ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.