കളിയറിഞ്ഞ് ഖത്തർ
text_fieldsദോഹ: യൂറോപ്യൻ യോഗ്യത റൗണ്ടിലെ നിർണായക പരീക്ഷണത്തിൽ ഖത്തറിന് തോൽവി. ഹംഗറിയിലെ ഡെബ്രെസിനിൽ നടന്ന സൗഹൃദ പോരാട്ടത്തിൽ കളിയുടെ രണ്ടു പകുതികളിലുമായി നേടിയ ഇരട്ട ഗോളുകളിലൂടെയായിരുന്നു സെർബിയ 4-0ത്തിന് ഫെലിക്സ് സാഞ്ചസിെൻറ ടീമിനെ വീഴ്ത്തിയത്. രണ്ടാം മിനിറ്റിൽതന്നെ ഖത്തറിന് അടിതെറ്റി. പ്രതിരോധനിര താരം ബൗലം കൗകിയുടെ സെൽഫ് ഗോളിലൂടെ ആദ്യ ഗോൾ വഴങ്ങിയ ഏഷ്യൻ ചാമ്പ്യന്മാർക്ക് പിന്നെ തല ഉയർത്താനായില്ല. പിന്നാലെ റയൽ മഡ്രിഡ് താരം ലൂകാ ജോവിച് സെർബിയയുടെ ലീഡുയർത്തി. 17ാം മിനിറ്റിലായിരുന്നു ആ ഗോൾ. രണ്ടാം പകുതിയിൽ നാല് മാറ്റങ്ങളുമായി വീണ്ടും ഊർജം നിറച്ച സെർബിയക്കായി ഇറ്റാലിയൻ ക്ലബ് ഫിയോറെൻറിനയുടെ താരങ്ങളായ ഡുസാൻ ലഹോവിചും (60ാം മിനിറ്റ്), മിലൻകോവിചും (84) സ്കോർ ചെയ്തതോടെ കളി ഖത്തറിെൻറ ബൂട്ടുകളിൽ നിന്നും പൂർണമായും കൈവിട്ടു.
അൽമുഇസ് അലി, അഹ്മദ് അലാ എൽദിൻ, കരിം ബൗദിയാഫ്, ഹസൻ ഹൈദോസ് എന്നിവരാണ് െപ്ലയിങ് ഇലവനിൽ ഖത്തറിനു വേണ്ടി കളത്തിലിറങ്ങിയത്. ഫിഫ റാങ്കിങ്ങിൽ 29ാം സ്ഥാനത്തുള്ള സെർബിയ തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ഖത്തറിനെ വിറപ്പിച്ചു.
വലതു കോർണറിൽ കുതിച്ച ലൂകാ നേടിയ ഗോളിലൂടെ സെർബിയ കരുത്താർജിച്ചെങ്കിലും ഖത്തർ മിന്നലാക്രമണവുമായി അപകടം വിതച്ചു. രണ്ടാം ഗോളിന് തൊട്ടുപിന്നാലെയായിരുന്നു പ്രതിരോധ താരം കൗകിയുടെ 35 വാര അകലെനിന്നുള്ള ഉജ്ജ്വല ഷോട്ട് സെർബ് പോസ്റ്റിനു മുന്നിൽ ഭീതി വിതച്ചത്. എന്നാൽ, ഗോളി പ്രെഡ്രാഗ് റാകോവിച് മിന്നുന്ന സേവിലൂടെ പന്ത് രക്ഷപ്പെടുത്തി. അതിനിടയിൽ അൽമുഇസ് അലിയും മികച്ചൊരു മുന്നേറ്റം നടത്തി.
രണ്ടാം പകുതിയിൽ കൂടുതൽ മികച്ച ആക്രമണങ്ങളോടെ ഖത്തർ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധനിരക്കാരുമായി വല കാത്ത സെർബ് മതിൽ പൊളിക്കാനായില്ല. മത്യാ നസ്താസിചും പവ്ലോവിചും ഉൾപ്പെടെയുള്ള പ്രതിരോധം മുഇസ് അലിയെയും പിന്നാലെ കളത്തിലെത്തിയ അക്റം അഫീഫിയെയും വരിഞ്ഞു മുറുക്കി.
തോറ്റെങ്കിലും ലോകനിലവാരത്തിലുള്ള മത്സരത്തിെൻറ കാഠിന്യമറിഞ്ഞാണ് ഖത്തർ കളം വിട്ടത്. ശനിയാഴ്ച ഇതേ വേദിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെതിരെയാണ് ഖത്തറിെൻറ പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.