ഖത്തറിന്റെ സമുദ്ര ആവാസവ്യവസ്ഥ ആരോഗ്യകരമെന്ന് പഠനം
text_fieldsദോഹ: ഖത്തറിന്റെ സമുദ്ര ആവാസവ്യവസ്ഥയും പവിഴപ്പുറ്റുകളും ആരോഗ്യകരമാണെന്നും ഇത് ജൈവവൈവിധ്യത്താൽ സമ്പന്നമാക്കി മാറ്റുമെന്നും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. സമുദ്ര സംരക്ഷണ വകുപ്പുമായി സഹകരിച്ച് വന്യജീവി വികസന വകുപ്പിലെ ശാസ്ത്രസംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. മന്ത്രാലയം എക്സിൽ ഇതുസംബന്ധിച്ച വിഡിയോ പങ്കുവെച്ചു. സമുദ്ര ആവാസ വ്യവസ്ഥയും ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിന് സംഭാവന നൽകുന്ന പ്രാദേശിക പ്രത്യേകതകളും കണ്ടെത്താനും വിലയിരുത്താനുമാണ് പഠനം നടത്തിയത്. പവിഴപ്പുറ്റുകൾ ഭൂമിയിലെ ഏറ്റവും പഴക്കമേറിയ ആവാസവ്യവസ്ഥയാണ്.
ഇത് ഏറ്റവും ഉൽപാദനക്ഷമവും ആർദ്രവുമാണ്. അവ പല സമുദ്ര ജീവികൾക്കും അഭയസങ്കേതം നൽകുന്നു. ഖത്തർ പവിഴപ്പുറ്റുകളാൽ ഏറ്റവും സമ്പന്നമായ ജി.സി.സി രാജ്യങ്ങളിലൊന്നാണ്. ഗൾഫ് മേഖലയിലെ പവിഴപ്പുറ്റുകളിൽ 48 ശതമാനവും ഖത്തറിന്റെ സമുദ്ര പരിധിയിലാണ്. രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ തീരങ്ങളിൽ പവിഴപ്പുറ്റുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്. പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് മന്ത്രാലയം വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. 21 ഇനം സമുദ്രജീവികൾ ഖത്തറിന്റെ തീരപ്രദേശങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള പദ്ധതിയാണ് അതിൽ ഏറ്റവും പ്രധാനം. 2002 മുതൽ ഖത്തറിലെ കടൽത്തീരങ്ങളിൽ കടലാമകളെ സംരക്ഷിക്കാനുള്ള പദ്ധതി മന്ത്രാലയം നടത്തിവരുന്നു. രാജ്യത്തുടനീളം കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കാനും മികച്ച ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഖത്തറിന്റെ സമുദ്രപരിധിയിൽ സ്പിന്നിങ് ഡോൾഫിനുകളെ കണ്ടെത്തിയിരുന്നു.
ഇവയുടെ സാന്നിധ്യം ആരോഗ്യകരമായ സമുദ്ര ആവാസവ്യവസ്ഥയുടെ അടയാളമായി വിലയിരുത്തുന്നു. ആവാസ വ്യവസ്ഥയെ പരിക്കേൽപിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ പരിശോധനകളും അധികൃതർ നടത്തിവരുന്നു. കഴിഞ്ഞ ദിവസം പവിഴപ്പുറ്റുകളിൽ വല വീശിയത് ഉൾപ്പെടെ നിയമലംഘനങ്ങൾക്ക് രണ്ട് മത്സ്യബന്ധന ബോട്ടുകൾ അൽ ഖോർ മേഖലയിൽനിന്ന് തീര സംരക്ഷണ വകുപ്പ് പിടികൂടി. കടലിലേക്ക് മാലിന്യം എറിയരുതെന്നും ഒന്നിലേറെ അടുക്കുകൾ ഉള്ള നൈലോൺ വലകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കരുതെന്നും പവിഴപ്പുറ്റുകളിലോ നിരോധിത പ്രദേശങ്ങളിലോ മീൻ പിടിക്കരുതെന്നും അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പൊട്ടിയ വല ഭാഗങ്ങൾ തിന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് ഒഴിവാക്കാനും സമുദ്ര ആവാസ വ്യവസ്ഥ സംരക്ഷിക്കാനുമാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.