ഖത്തറിന്റെ മധ്യസ്ഥതയിൽ യുക്രെയ്ൻ കുട്ടികൾ കുടുംബങ്ങളിലേക്ക്
text_fieldsദോഹ: യുദ്ധത്തെതുടർന്ന് റഷ്യയിൽ കുടുങ്ങിയ യുക്രെയ്ൻ കുട്ടികളെ കുടുംബങ്ങളിലേക്ക് തിരികെയെത്തിച്ച് വീണ്ടും ഖത്തറിന്റെ നയതന്ത്ര വിജയം. അഞ്ച് യുക്രെയ്ൻ കുട്ടികളെയാണ് റഷ്യയിൽനിന്ന് കീയെവിലെ കുടുംബങ്ങളിലേക്ക് തിരികെയെത്തിച്ചത്. മോസ്കോയിൽ ഖത്തർ എംബസിയിൽ നടന്ന മധ്യസ്ഥത ചർച്ചകൾക്ക് ശേഷമാണ് ആറു കുട്ടികളെ മോചിപ്പിക്കാനായത്. അഞ്ചു കുട്ടികളെ യുക്രെയ്നിലേക്ക് അയക്കാനും ഒരു കുട്ടിയെ റഷ്യയിലെ ബന്ധുക്കൾക്ക് കൈമാറാനും തീരുമാനമായി. വിവിധ ഘട്ടങ്ങളിലായി ഇതിനകം 64 കുട്ടികളാണ് റഷ്യയിൽനിന്ന് യുക്രെയ്നിലേക്ക് മടങ്ങിയതെന്ന് റഷ്യയിലെ ബാലാവകാശ കമീഷണർ മരിയ എൽവോവ ബെലോവ പറഞ്ഞു. കുട്ടികളെ ബന്ധുക്കളിലെത്തിക്കുകയെന്ന ഖത്തറിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമാണ് പുതിയ ബാച്ചിന്റെ മോചനമെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പറഞ്ഞു. റഷ്യ, യുക്രെയ്ൻ അധികൃതർക്ക് അവർ നന്ദി അറിയിക്കുകയും ചെയ്തു.
യൂനിസെഫ്, റെഡ്ക്രോസ്, ഓഫൻസ് ഫീഡിങ് ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകൾ കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ സഹായവുമായുണ്ടെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഈ ശ്രമങ്ങളെ പരസ്യമായി പിന്തുണക്കുകയും മധ്യസ്ഥത വഹിക്കുകയും ചെയ്ത ഏകരാജ്യം ഖത്തർ മാത്രമാണെന്നും അവരുടെ ഇടപെടലുകൾക്ക് ഫലമുണ്ടായെന്നും യുക്രെയ്ൻ സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന നിരവധി കുട്ടികളെ അവരുടെ കുടുംബങ്ങളുമായി ഒന്നിപ്പിക്കുകയെന്ന ദൗത്യത്തിൽ ഖത്തർ ഭരണകൂടം ഏർപ്പെട്ടിരുന്നു. വിവിധ കക്ഷികളുമായുള്ള ഖത്തറിന്റെ വിശ്വാസ്യത, മേഖലയിലും ലോകത്തും സമാധാനം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിലെ ഖത്തറിന്റെ ശ്രമങ്ങൾ, പ്രതിസന്ധികളിലും സംഘർഷങ്ങളിലും ക്രിയാത്മകവും ഫലപ്രദവുമായ പങ്ക് വഹിക്കാനുള്ള സന്നദ്ധത എന്നിവ മധ്യസ്ഥത പ്രവർത്തനങ്ങളിലെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ദോഹ വ്യക്തമാക്കി. സംഘർഷബാധിതരായ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ഖത്തർ വലിയ പ്രാധാന്യമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.