ഖത്തർ മെഡിക്കൽ ബോർഡ്: പ്രഥമ ബാച്ചിൽ പഠനം പൂർത്തിയാക്കി മൂന്ന് മലയാളികൾ
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഖത്തർ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷാലിറ്റീസിന്റെ പ്രഥമ ബാച്ചിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കി മൂന്ന് മലയാളികൾ. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിനു കീഴിൽ 2020 ജൂലൈയിൽ ആരംഭിച്ച ഖത്തർ മെഡിക്കൽ ബോർഡ് (ഖത്തർ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷാലിറ്റീസ്) പ്രഥമ ബാച്ചിൽനിന്നും കോഴിക്കോട് ജില്ലക്കാരായി മൂന്നു പേരാണ് ഉന്നത പഠനം പൂർത്തിയാക്കിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഡോ. മർസൂഖ് അസ്ലം, കോഴിക്കോട് സ്വദേശിനി ഡോ. ആയിഷ സിദ്ദീഖ്, വടകരയിൽ നിന്നുള്ള ഡോ. ആത്തിഖ സജീർ എന്നിവരാണ് അനസ്തേഷ്യയിൽ ഖത്തർ മെഡിക്കൽ ബോർഡ് അനസ്തേഷ്യയിൽ ഖത്തർ മെഡിക്കൽ ബോർഡ് സ്പെഷലൈസേഷൻ സർട്ടിഫിക്കറ്റ് നേടിയത്.
ഡോ. മർസൂഖ് കോഴിക്കോട് കെ.എം.സി.സി മെഡിക്കൽ കോളജിൽ നിന്നും ഡോ. ആയിഷ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നും, ഡോ. ആതിഖ എം.ഇ.എസ് മെഡിക്കൽ കോളജിൽ നിന്നുമാണ് എം.ബി.ബി.എസ് ബിരുദം നേടിയത്. മൂവരും ഹമദ് മെഡിക്കൽ കോർപറേഷനിൽ പ്രാക്ടീസ് ചെയ്യുകയാണ്. ആദ്യബാച്ചിൽ 36 ഡോക്ടർമാരാണ് സ്പെഷലൈസേഷൻ പ്രോഗ്രാം പൂർത്തിയാക്കിയത്. മാരിയറ്റ് ഹോട്ടലിൽ നടന്ന പ്രഥമ ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, ഖത്തറിൽ മെഡിക്കൽ സ്പെഷലൈസേഷൻ ടെക്നികൽ കമ്മിറ്റി ചെയർമാനും ഡി.എച്ച്.പി ഡയറക്ടുറുമായ ഡോ. സഅദ് അൽ കഅബി എന്നിവർ പങ്കെടുത്തു. മൂന്ന് മലയാളികളുൾപ്പെടെ നാല് ഇന്ത്യക്കാരാണ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നേടിയത്. മഹാരാഷ്ട്ര സ്വദേശിയായ ഡോ. സഹ്ർ മെഹാദിക്കാണ് നാലാമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.