കായിക വികസനത്തിന് കൈകോർത്ത് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയവും യുവജന കായിക മന്ത്രാലയവും
text_fieldsദോഹ: വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിൽ കായിക മികവ് വളർത്തിയെടുക്കുന്നതിനായി കൈകോർത്ത് വിദ്യാഭ്യാസ മന്ത്രാലയവും യുവജന കായിക മന്ത്രാലയവും. ഖത്തർ ദേശീയ വിഷൻ 2030 പദ്ധതികളുടെ ഭാഗമായാണ് ഇരു മന്ത്രാലയങ്ങളും ചേർന്നുള്ള സഹകരണത്തിലൂടെ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.
ലുസൈൽ മൾട്ടി പർപസ് ഹാളിൽ നടന്ന ചടങ്ങിൽ കായിക യുവജനകാര്യ മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബർ അൽ നുഐമി, ഇരു മന്ത്രാലയത്തിൽനിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ശാരീരിക, കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വളർത്തുകയും ലക്ഷ്യമിടുന്നതാണ് സംരംഭം. കൂടാതെ അവരുടെ എല്ലാ കഴിവുകളെയും നേടാനും പ്രത്യേക കഴിവുള്ള ആളുകളെ ആകർഷിക്കാനും അവ പരിപോഷിപ്പിക്കാനും യുവാക്കളുടെ സാംസ്കാരിക നിലവാരം ഉയർത്തി അവരുടെ ദേശീയ വ്യക്തിത്വം ഉറപ്പിക്കാനും ഇത് ലക്ഷ്യംവെക്കുന്നു.
കായിക മേഖലയിൽ കമ്യൂണിറ്റി പങ്കാളിത്തം വർധിപ്പിക്കുന്നതിനും കായിക മികവ് കൈവരിക്കുന്നതിനും പുറമേ, സ്പോർട്സ്, ലഭ്യമായ കായികവിനോദ സൗകര്യങ്ങൾ എന്നിവയിൽനിന്നുള്ള നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സംരംഭം വഴിയൊരുക്കും.
വേനലവധിക്കാലത്ത് യുവാക്കൾക്കും വിദ്യാർഥികൾക്കുമായി യുവജനകേന്ദ്രങ്ങളും സ്കൂളുകളും വേനൽക്കാല പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ഖത്തർ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങളും പരിപാടികളും സ്കൂളുകളുമായി ഏകോപിപ്പിച്ച് വിപുലീകരിക്കുക, സംഘടിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി മേഖലകൾ ഈ സഹകരണത്തിന് കീഴിൽ വരുന്നുണ്ട്.
ദേശീയ കായികദിനാചരണവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ സ്ഥാപിക്കുന്നതിന് കായിക മത്സരങ്ങൾ സംഘടിപ്പിക്കുക, സുസ്ഥിര പൈതൃകത്തെക്കുറിച്ച് പഠിക്കാൻ ലോകകപ്പ് സൗകര്യങ്ങളിലേക്ക് വിദ്യാർഥികളുടെ സന്ദർശനങ്ങൾ സംഘടിപ്പിക്കുക, സ്കൂളുകളിൽ സന്നദ്ധസേവന അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയും സഹകരണ സംരംഭത്തിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.