പച്ചപ്പണിഞ്ഞ് മരുപ്രദേശങ്ങൾ
text_fieldsദോഹ: മരുഭൂമിയെ പച്ചപ്പണിയിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 ലക്ഷം ചതുരശ്ര മീറ്ററോളം മേഖലയിൽ പുൽമേടുകൾ വെച്ചുപിടിപ്പിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന്റെയും പ്രാദേശിക പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് വ്യത്യസ്ത പ്രദേശങ്ങളിലായി പുൽമേടുകൾ സ്ഥാപിച്ചത്. ഉമ്മുൽ സഹ്നത്, അൽ ഖയ്യ, അൽ സുലൈമി അൽ ഗർബി എന്നിവിടങ്ങളിലെ ചെറുചെടികളും കുറ്റിക്കാടുകളും പച്ചപ്പുല്ലുകളും വെച്ചുപിടിപ്പിച്ചാണ് രാജ്യത്തുടനീളം സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനും മരുഭൂവത്കരണം ചെറുക്കുന്നതിനുമായി മന്ത്രാലയത്തിലെ വന്യജീവി വികസന വകുപ്പ് മാർച്ചിൽ ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായാണ് മൂന്നിടങ്ങളിലായി ദശലക്ഷത്തിലധികം ചതുരശ്രമീറ്റർ പുൽമേടുകൾ പുനഃസ്ഥാപിച്ചത്.
ഉമ്മുൽ സഹ്നതിൽ 2.32 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പുൽമേടാണ് വേലി സ്ഥാപിച്ച് പിടിപ്പിച്ചത്. കളിമണ്ണും ഭൂമിയുടെ മൃദുത്വവും കൊണ്ട് വേർതിരിച്ച സവിശേഷതയുള്ള ഭൂമിയാണ് ഉമ്മുൽ സഹ്നതിലേത്. അൽഹറം, ലറമറാം, അൽ ജത്ജത് തുടങ്ങിയവക്കു പുറമെ സിദർ, അൽ സമൂർ, അൽ ഔസാജ് തുടങ്ങിയ കാട്ടുമരങ്ങളും ഈ പ്രദേശങ്ങളിലുണ്ട്.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന അൽഖയ്യ പ്രദേശത്ത് 8.54 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പുൽമേട് പുനഃസ്ഥാപിച്ചത്. വേലികെട്ടി തരംതിരിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കപ്പെട്ട ഇവിടം നിരവധി സന്ദർശകരാണ് വസന്തകാലത്ത് എത്തിച്ചേരുന്നത്. കാട്ടുമരങ്ങളായ സിദർ, സമൂർ എന്നിവയും മുൾച്ചെടികൾപോലുള്ള ചില ഇടയവൃക്ഷങ്ങളും ഇവിടെയുണ്ട്.
അൽസുലൈമി അൽഗർബിയിൽ 1.20 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള പുൽമേടാണ് മന്ത്രാലയം വേലികെട്ടിത്തിരിച്ച് പുനഃസ്ഥാപിച്ചത്. അപൂർവയിനം സിദർ മരവും സമൂർ, ലറംറാം, അൽ അലിൻദ, അൽ നാം തുടങ്ങിയ വൃക്ഷങ്ങളും ഇവിടെ കാണപ്പെടുന്നു. അപൂർവമായ, വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പുൽമേടുകളാണ് മന്ത്രാലയം സ്ഥാപിച്ചത്. വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുക, സന്ദർശകരുടെ കടന്നുകയറ്റം ഇല്ലാതാക്കുക തുടങ്ങിയവയും സംരക്ഷണ പ്രക്രിയയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.