വിദേശ നിക്ഷേപം സ്വാഗതം ചെയ്ത് ഖത്തർ ആരോഗ്യമേഖല
text_fieldsദോഹ: ഖത്തറിലെ ആരോഗ്യ പരിരക്ഷാ വിപണിയിൽ ആകൃഷ്ടരായി വിദേശ നിക്ഷേപ മേഖല. രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ വിദേശ നിക്ഷേപകരുടെ ശ്രദ്ധ നേടിയതോടൊപ്പം ഖത്തറിനെ ആഗോളാടിസ്ഥാനത്തിൽ ആകർഷകമായ നിക്ഷേപകേന്ദ്രമായി ഉയർത്തുകയും ചെയ്തതിന് പിന്നാലെയാണ് ആരോഗ്യ മേഖലയിലെ വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത്.
അതിവേഗം വളരുന്ന പ്രാദേശിക, ജി.സി.സി ആരോഗ്യ പരിരക്ഷാ വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഹെൽത്ത് കെയർ ബിസിനസുകാർക്ക് അനുകൂലമായ അന്തരീക്ഷമാണ് ഖത്തർ നൽകുന്നതെന്ന് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി ഖത്തർ (ഐ.പി.എ ഖത്തർ) അറിയിച്ചു.
അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുമായി ജി.സി.സിയിൽ 2021ലെ ആരോഗ്യ സുരക്ഷ സൂചികപ്രകാരം ഖത്തറാണ് ഒന്നാമത്. മെഡിക്കൽ ടൂറിസം രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണ തന്ത്രത്തിന്റെ പ്രധാന ചാലകങ്ങളിലൊന്നായി മാറുന്നതിനാൽ ഈ മേഖലക്ക് പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന മേഖലയിൽ നാലാമതാണ് ഖത്തർ. 2024ഓടെ ഖത്തറിന്റെ ആരോഗ്യ പരിപാലന മേഖലയിലെ കുതിപ്പ് 12 ബില്യൻ ഡോളറിലെത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഒരു ജനതയെ വളർത്തിക്കൊണ്ടുവരുകയെന്ന ഖത്തറിന്റെ വിഷൻ 2030ന്റെ മാനവ വികസന അജണ്ടയുമായി ഒത്തുചേരുന്നതാണ് ഈ മേഖലയിലെ നിക്ഷേപ വളർച്ച. അത്യാധുനിക ആരോഗ്യ പരിരക്ഷ അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യകൾ, സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപം നടത്തി ഖത്തർ നിലവിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തു.
വൈദഗ്ധ്യമുള്ള പ്രതിഭകളുടെയും ലോകോത്തര മെഡിക്കൽ ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ലഭ്യത ഖത്തറിന് നിരവധിയാണ്. വിപുലമായ ഗവേഷണ-വികസന അടിസ്ഥാന സൗകര്യങ്ങളും ഖത്തറിനുണ്ട്. കൂടാതെ സർക്കാർ ധനസഹായത്തോടെയുള്ള ഗവേഷണ പരിപാടികളും പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത അവസരങ്ങളും നിരവധി.
ഇതിനുപുറമേ, സ്വകാര്യ മേഖലയിലെ ആരോഗ്യ പരിരക്ഷാ വിപണി വളർത്തുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ വർധിപ്പിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തവും വർധിക്കുന്നുണ്ട്. ഖത്തറിലെ അക്കാദമിക് സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ഈ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.