മറ്റുള്ളവരുടെ ബാഗേജ് വഹിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsദോഹ: ഉള്ളിലുള്ള വസ്തുക്കളുടെ വിവരങ്ങളറിയാതെ മറ്റൊരാളുടെ ബാഗേജ് ഒരിക്കലും കൈവശം വെക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന മുന്നറിയിപ്പ് ആവർത്തിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ബാഗ് കൈവശംവെച്ചയാളാണ് അതിന്റെ പൂർണ ഉത്തരവാദിയെന്നും ഉള്ളിലുള്ളത് അറിയാതെ വഹിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ യാത്രാനടപടികളെ തടസ്സപ്പെടുമെന്നും നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയം എക്സിലൂടെ അറിയിച്ചു. ബാഗേജുകളുടെ ഭാരക്കൂടുതൽ കാരണം യാത്രക്കാർ അത് പങ്കിടുന്ന പ്രവണത ആവർത്തിക്കുന്നുണ്ട്. അവധിക്കാലത്ത് ഇത് കൂടുതലാണ്. ഇതുസംബന്ധിച്ച് മന്ത്രാലയം നേരത്തെ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്ത് നിരോധിക്കപ്പെട്ട സാധനങ്ങൾ വിമാനത്താവളത്തിലെ പരിശോധനയിൽ ബാഗേജിൽ കണ്ടെത്തുകയും മറ്റൊരാളുടെ ബാഗേജ് സഹായ മനസ്കതയോടെ വഹിച്ചതാണെന്ന് ന്യായീകരിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം ന്യായീകരണങ്ങൾ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് കൊണ്ടുവരാൻ പാടുള്ളത് എന്തെന്നും വിലക്കുള്ളത് ഏതൊക്കെ സാധനങ്ങൾക്കാണെന്നും ധാരണ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.