ഖത്തർ തൊഴിൽ മന്ത്രാലയം: റിക്രൂട്ട്മെൻറ് അപേക്ഷകളിൽ കുറവ്
text_fieldsദോഹ: ജൂലൈയിൽ ഖത്തർ തൊഴിൽ മന്ത്രാലയത്തിനു മുന്നിൽ റിക്രൂട്ട്മെന്റിനായി എത്തിയത് 7294 പുതിയ അപേക്ഷകൾ. മന്ത്രാലയം പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂണിനെ അപേക്ഷിച്ച് പകുതിയോളമാണ് കുറവ്. അപേക്ഷകളിൽ 4665 എണ്ണത്തിന് അംഗീകാരം നൽകിയപ്പോൾ 2639 അപേക്ഷകൾ തള്ളി. തൊഴിൽ പരിഷ്കരിക്കുന്നതിനായി 3131 അപേക്ഷകളാണ് എത്തിയത്. ഇതിൽ 3077 അപേക്ഷകൾക്ക് അംഗീകാരം നൽകിയപ്പോൾ 54 അപേക്ഷകൾ നിരസിച്ചു.
വർക് പെർമിറ്റ് പുതുക്കുന്നതിനായി 9907 അപേക്ഷകളെത്തിയപ്പോൾ ആകെയുള്ളതിൽ 638 അപേക്ഷകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. അതേസമയം, പ്രത്യേക വർക് പെർമിറ്റിനായി 706 അപേക്ഷകളെത്തിയെന്നും ഇതിൽ 466 എണ്ണം പുതുക്കുന്നതിനും 64 എണ്ണം പുതിയ അപേക്ഷയുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ റിക്രൂട്ട്മെന്റ് ഓഫിസുകളിലായി 160 പരിശോധനകൾ പൂർത്തിയാക്കിയപ്പോൾ 154 ഓഫിസുകളിൽ നിയമലംഘനങ്ങളിൽനിന്ന് മുക്തമായതായി വെളിപ്പെടുത്തി.ലേബർ ഇൻസ്പെക്ഷൻ വിഭാഗം വിവിധ മേഖലകളിലായി 4137 പരിശോധന നടത്തിയപ്പോൾ 427 കമ്പനികൾക്ക് നിയമലംഘന മുന്നറിയിപ്പ് നൽകുകയും 12 കമ്പനികൾക്കെതിരെ നിയന്ത്രണ ലംഘനം നടത്തിയതിന് റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു. വിവിധ സ്ഥാപനങ്ങൾക്കെതിരെ തൊഴിലാളികൾ നൽകിയ 2221 പരാതികളിൽ 546 പരാതികൾക്ക് തീർപ്പുകൽപിച്ചപ്പോൾ 16 പരാതികൾ തൊഴിൽ തർക്ക പരിഹാര സമിതിയിലേക്ക് റഫർ ചെയ്തു. തൊഴിൽ തർക്ക പരിഹാര സമിതികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 16 കേസുകൾ കൈമാറിയതായും 384 തീരുമാനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തതായും മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തൊഴിൽ കരാറുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായുള്ള 63,030 അപേക്ഷകളിൽ 185 അപേക്ഷകൾ മാത്രമാണ് ഇക്കാലയളവിൽ നിരസിച്ചത്. ലേബർ സെക്കൻഡ്മെന്റിനായി 5773 അപേക്ഷകൾ സ്വീകരിച്ചതിൽ 3048 അപേക്ഷകൾക്ക് അംഗീകാരം നൽകിയതായും 2725 എണ്ണം തള്ളിക്കളഞ്ഞതായും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.