കടൽ നിറയാൻ ഖത്തറിന്റെ മത്സ്യനിക്ഷേപം
text_fieldsദോഹ: തീരങ്ങളിലെ മത്സ്യസമ്പത്ത് നിലനിർത്തുന്നതിനായി വൻതോതിൽ മത്സ്യനിക്ഷേപവുമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ അക്വാട്ടിക് റിസർച് സെന്റർ. റാസ് മത്ബാകിലെ സെന്ററിന്റെ ഗവേഷണകേന്ദ്രത്തിൽ വളർത്തി പാകമാക്കിയ വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ ഖത്തറിന്റെ കടൽത്തീരങ്ങളിലെ അനുയോജ്യമായ ആവാസ വ്യവസ്ഥകളിലേക്ക് നിക്ഷേപിക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കുകയാണ് അധികൃതർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന ദൗത്യം ഇത്തവണയും വിജയകരമായി പൂർത്തിയാക്കി. റാസ് മത്ബകിലെ അക്വാട്ടിക് ഗവേഷണകേന്ദ്രങ്ങളിലെ ഫാമിൽ വൻതോതിൽ വളർത്തിയെടുത്ത മത്സ്യക്കുഞ്ഞുങ്ങളാണ് ആവശ്യമായ പ്രായമാവുന്നതോടെ കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് നിക്ഷേപിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളോടെയാണ് മത്സ്യ ഹാച്ചറിയുടെ പ്രവർത്തനം. ബയോേഫ്ലാക് സാങ്കേതികവിദ്യയും റീ സർക്കുലേറ്റിങ് അക്വാകൾചറൽ സിസ്റ്റവും ഉൾപ്പെടെ ശാസ്ത്രീയ മാർഗങ്ങൾ പിന്തുടർന്നാണ് ഇവ മത്സ്യങ്ങളെ വളർന്നുന്നത്. ഇവിടെ വളർത്തിയ സീബ്രീം, റെഡ് സ്നാപ്പർ, യെല്ലോഫിൻ ബ്രീം, മാർബിൾഡ് സ്പൈൻഫൂട്ട്, സാഫി, ഹമൂർ തുടങ്ങിയവയാണ് കഴിഞ്ഞ ദിവസങ്ങളിൽ കടലിൽ നിക്ഷേപിച്ചത്.
ഫാമിൽനിന്ന് സൂക്ഷ്മമായാണ് ഇവയെ കടലിലെത്തിക്കുന്നത്. മത്സ്യക്കുഞ്ഞുങ്ങളുടെ യാത്രക്ക് വെള്ളം നിറച്ച പ്രത്യേക ടാങ്ക് സജ്ജീകരിച്ച് തീരത്തെത്തിച്ച ശേഷം ബോട്ടിൽ വിദഗ്ധരുടെ സാന്നിധ്യത്തിൽ കടലിലേക്ക് കൊണ്ടുപോയാണ് നിക്ഷേപിക്കുന്നത്. കുഞ്ഞു മത്സ്യങ്ങൾക്ക് വളരാനുള്ള ആവാസവ്യവസ്ഥയുള്ള മേഖലകൾ നിരീക്ഷണങ്ങളിലൂടെ തെരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്നു. രാജ്യത്തിന്റെ ജൈവവൈവിധ്യവും ഭക്ഷ്യ സുരക്ഷയും മത്സ്യസമ്പത്തിന്റെ വളർച്ചയും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വർഷവും 10 ലക്ഷത്തോളം ഹമൂർ കുഞ്ഞുങ്ങളെയാണ് റാസ് മത്ബകിൽനിന്ന് തീരത്ത് നിക്ഷേപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.