മന്ത്രിസഭയിൽ പുനഃസംഘടന; പുതിയ മന്ത്രിമാർ സ്ഥാനമേറ്റു
text_fieldsദോഹ: ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവ്. പൊതുജനാരോഗ്യം, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസം, ഗതാഗതം, വാണിജ്യ-വ്യവസായം, ഗതാഗതം ഉൾപ്പെടെ സുപ്രധാന മന്ത്രാലയങ്ങളാണ് പുനഃസംഘടിപ്പിച്ചത്.
പുതിയ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായി നിലവിലെ അമീരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി പദവി വഹിച്ചിരുന്ന ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിനെ പുതിയ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു.
പൊതുജനാരോഗ്യ മന്ത്രിയായിരുന്ന ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയെ മാറ്റിയാണ് ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യൂ.ഐ.എ) സി.ഇ.ഒ ആയ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദിനെ നിയമിച്ചത്.
ചൊവ്വാഴ്ച രാവിലെ അമീരി ഉത്തരവിലൂടെ പുനഃസംഘടിപ്പിച്ചതിന് പിന്നാലെ മന്ത്രിസഭ അംഗങ്ങൾ അമീരി ദിവാനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവർക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽഥാനിയും പങ്കെടുത്തു. തുടർന്ന് അമീറുമായി കൂടിക്കാഴ്ച നടത്തി.
വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റ ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ വനിത നയതന്ത്ര വിദഗ്ധ എന്ന നിലയിൽ ശ്രദ്ധേയയാണ്. നേരത്തെ വിദേശകാര്യ വക്താവ്, വിദേശകാര്യ സഹമന്ത്രി പദവികൾ വഹിച്ച ശേഷമാണ് അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയായി പ്രവർത്തിച്ചത്.
അഫ്ഗാനിസ്താൻ, ഗസ്സ, യുക്രെയ്ൻ ഉൾപ്പെടെ സംഘർഷമേഖലകളിൽ മാനുഷിക സഹായമെത്തിച്ചും സഘർഷബാധിത പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ നേതൃത്വം നൽകിയും ഇവർ ശ്രദ്ധേയയായിരുന്നു.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ബുഥൈന ബിൻ അലി അൽ ജാബിർ നുഐമി പുതിയ സാമൂഹിക വികസന മന്ത്രിയായി പ്രവർത്തിക്കും. ദീർഘകാലമായി ഗതാഗതം കൈകാര്യം ചെയ്ത ജാസിം ബിൻ സൈഫ് ബിൻ അഹമ്മദ് അൽ സുലൈതിക്ക് പകരമാണ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി ചുമതലയേൽക്കുന്നത്.
പുതിയ മന്ത്രിമാർ, വകുപ്പുകൾ
ശൈഖ് സൗദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി (ഉപപ്രധാനമന്ത്രി, പ്രതിരോധ സഹമന്ത്രി)
ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി (സാമൂഹിക വികസന, കുടുംബകാര്യ മന്ത്രി)
ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ (വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി)
മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് (പൊതുജനാരോഗ്യ മന്ത്രി)
ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി (വാണിജ്യ വ്യവസായ മന്ത്രി)
ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി (ഗതാഗത മന്ത്രി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.