ഖത്തർ: ഡ്രൈവിങ്ങിനിടെ മൊബൈൽ എടുത്താൽ പോക്കറ്റ് കീറും
text_fieldsദോഹ: റോഡിലെ അപകടങ്ങൾക്കും നിയമലംഘനങ്ങൾക്കും വലിയൊരു ശതമാനവും മൊബൈൽ ഫോൺ ഉപയോഗം കാരണമാവുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ ഏറ്റവും മികവുറ്റ സാങ്കേതികവിദ്യകൾ സ്ഥാപിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നത്.
കഴിഞ്ഞ ദിവസം ഖത്തർ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട അറിയിപ്പു പ്രകാരം സെപ്റ്റംബർ മൂന്നു മുതൽ റോഡുകളിൽ സ്ഥാപിച്ച റഡാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമലംഘകർക്ക് ‘പിടി’വീണു തുടങ്ങും.
ഇതിനകംതന്നെ എല്ലായിടത്തുമായി സ്ഥാപിച്ച റഡാറുകൾ അതിനുമുമ്പേ പണിതുടങ്ങുമെന്ന് ട്രാഫിക് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ അസീസ് ബിൻ ജാസിം ആൽഥാനി ‘ഖത്തർ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അറിയിച്ചു. ആഗസ്റ്റ് 27 ഞായറാഴ്ച മുതൽ ഓട്ടോമേറ്റഡ് റഡാറുകളും തലാഅ കാമറകളും വഴി നിയമലംഘകരെ കണ്ടെത്തുകയും ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകുകയും ചെയ്യും.
ബോധവത്കരണം എന്ന നിലയിലാണ് ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പ് നൽകുന്നത്. എസ്.എം.എസായി നിയമലംഘകർക്ക് അറിയിപ്പ് നൽകും. സെപ്റ്റംബർ മൂന്നു വരെ പിഴ ചുമത്തില്ല. എന്നാൽ, അതിനുശേഷം പിഴ ചുമത്തിത്തുടങ്ങും.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിയുന്ന ഓട്ടോമേറ്റഡ് കാമറകളാണ് സ്ഥാപിച്ചുകഴിഞ്ഞത്. ഗതാഗത സുരക്ഷ വർധിപ്പിക്കാനും അപകടനിരക്ക് കുറക്കാനും ലക്ഷ്യമിട്ടാണ് അധികൃതരുടെ നടപടി.
മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് റോഡിലെ അശ്രദ്ധക്കും അപകടങ്ങൾക്കും കാരണമാവുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നേരത്തേതന്നെ വെളിപ്പെടുത്തിയിരുന്നു. ഖത്തർ ട്രാൻസ്പോർട്ട് ആൻഡ് ട്രാഫിക് സേഫ്റ്റി സെൻറർ നടത്തിയ സർവേയിൽ പങ്കെടുത്ത 256ൽ 13 ശതമാനം മാത്രമായിരുന്നു അവസാന 10 ഡ്രൈവിങ് ട്രിപ്പിനിടെ ഒരിക്കൽപോലും ഫോൺ ഉപയോഗിച്ചില്ലെന്ന് പ്രതികരിച്ചത്. ബാക്കി മുഴുവൻ പേരും ഒന്നോ അതിലധികമോ തവണ ഫോൺ ഉപയോഗിച്ചതായി വെളിപ്പെടുത്തി.
റോഡിലെ ആറ് ട്രാക്കുകളിലെ വരെ വാഹനങ്ങളുടെ അതിവേഗമുള്ള കുതിപ്പിനിടയിലും നിയമലംഘനങ്ങൾ പിടികൂടാൻ ശേഷിയുള്ളതാണ് റഡാർ സെൻസറുകൾ. ഡേറ്റകൾ തത്സമയം നാഷനൽ കമാൻഡ് സെൻററിലേക്ക് കൈമാറും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും ട്രാഫിക് അവബോധം വളർത്തുന്നതിനായി വരും ദിവസങ്ങളിൽ അധികൃതർ പ്രചാരണങ്ങൾ സജീവമാക്കും. ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും മാധ്യമങ്ങൾ വഴിയും ബോധവത്കരണം സജീവമാക്കും.
പിഴ 500 റിയാൽ
റോഡിലെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെയാണ് നടപടികൾ. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണോ മറ്റേതെങ്കിലും ഉപകരണമോ കൈയിൽ പിടിക്കുകയോ സ്ക്രീനിൽ കാഴ്ച കാണുന്ന തിരക്കിലായിരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. 10 വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നതിനും ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ഒഴിവാക്കുന്നതിനും 500 റിയാൽ പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.