പെൺകരുത്തിന്റെ ഖത്തർ മാതൃക
text_fieldsതുർക്കിഷ് എഴുത്തുകാരനായ മെഹ്മത്ത് മുറത്ത് ഐൽഡന്റെ ശ്രദ്ധേയമായ ഒരു ചിന്ത പങ്കുവെച്ചുകൊണ്ട് തുടങ്ങട്ടെ..
'സ്ത്രീകൾ സ്വതന്ത്രരല്ലാത്ത ഒരു രാജ്യത്തിനും നന്മ നിറഞ്ഞതും ബഹുമാന്യവുമായ ഒന്നും അവകാശപ്പെടാൻ കഴിയില്ല'.
ഖത്തറിന്റെ മണ്ണിൽ ആതിഥേയ ജീവിതം നയിക്കുന്ന സാമൂഹികാവബോധവും പരിജ്ഞാനവും ഉള്ള ഓരോ സ്ത്രീകളും എന്നും സന്തോഷത്തോടെ വീക്ഷിക്കുന്നതും സാദരം അംഗീകരിക്കുന്നതും അനുഭവിച്ചുപോരുന്നതുമായ ഒന്നാണ് ഈ രാജ്യം മാനിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും സ്വൈരജീവിതവും. 2022ലെ വനിതദിനത്തെ വരവേല്ക്കുന്ന ഈ അവസരത്തിലാണ് ലോകത്തിൽ തന്നെ സ്ത്രീകൾ തനിച്ചുള്ള സഞ്ചാരത്തിന് ഏറെ സുരക്ഷിതമായ രാജ്യം എന്ന അതിവിശിഷ്ടമായ ഒരു നേട്ടം കൂടി ഖത്തറിനെ തേടിവരുന്നത്.
മഹത്തായ ഈ സംസ്കാരത്തിന്റെ ഭാഗവും ശീലവുമായി ഖത്തറിന്റെ വിദ്യാഭ്യാസ, ആരോഗ്യ, വാണിജ്യ, വിനോദമേഖലകളിലെ ഉന്നതപദവികളിൽ നായികമാരും നെടുംതൂണുകളുമായി പ്രമുഖ വനിതകൾ സ്ഥാനങ്ങൾ അലങ്കരിച്ചുപോരുന്നു എന്നത് എല്ലാ ലോകരാജ്യങ്ങൾക്കും മാതൃകയാണ്. ഖത്തറിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെ മുഖമുദ്രയായി വനിതകൾ മർമപ്രധാനങ്ങളായ സ്ഥാനവാഹകർ ആകുമ്പോൾ ആ നേട്ടങ്ങൾ പുതിയ തലമുറക്ക് പ്രചോദനമാകുന്നു. ഔന്നത്യത്തിലേക്കുള്ള ഈ രാജ്യത്തിന്റെ കുതിപ്പിൽ കൃത്യമായ അടയാളപ്പെടുത്തലാകുന്നുണ്ട് വിവിധ മേഖലകളിൽ ക്രമാനുഗതമായി ഉയർന്നുവരുന്ന വനിതകളുടെ സാന്നിധ്യം.
ഖത്തറിന്റെ അഭിമാനമായ എജുക്കേഷൻ സിറ്റിയുടെ നേതൃസ്ഥാനം വഹിക്കുന്ന ശൈഖ മൗസ ബിൻത് നാസർ ആൽഥാനി ഖത്തർ സോഷ്യൽ വർക്ക് ഓർഗനൈസേഷന്റെ സ്ഥാപകയും മികച്ച ഒരു സാമൂഹികപ്രവർത്തകയും രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമായ മേഖലകളിൽ താക്കോൽസ്ഥാനങ്ങൾ അലങ്കരിക്കുന്ന വനിതയുമാണ്.
ഹമദ് മെഡിക്കൽ കോർപറേഷൻ മാനേജിങ് ഡയറക്ടറും ആരോഗ്യമന്ത്രിയുമായ ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയുടെ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ എത്രത്തോളം സമഗ്രവും കൃത്യതയാർന്നതുമാണെന്നത് മഹാമാരിക്കാലം സവിശേഷമായി തെളിയിച്ചുകൊണ്ടിരിക്കുന്ന വസ്തുതയാണ്. അഫ്ഗാൻ പ്രതിസന്ധിയുടെ നാളുകളിൽ പലായനം ചെയ്ത പതിനായിരങ്ങൾക്ക് ഖത്തർ അഭയമായപ്പോൾ രാജ്യാന്തര മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു വിദേശകാര്യ സഹമന്ത്രി ലുൽവ റാഷിദ് അൽ കാതിർ.
ഖത്തറിലെ ഏറ്റവും മികച്ച ബിസിനസ് സംരംഭകരുടെ നിരയിലേക്കുയർന്ന് ശൈഖ ഹനാദി ബിൻ നാസർ ആൽഥാനി, അയിഷ അൽ മുദാഖ, ബുത്തൈന അൽ അൻസാരി തുടങ്ങിയ വനിതാരത്നങ്ങൾ. രാജ്യത്തിന്റെ പരമ്പരാഗതവും സാംസ്കാരികവുമായ മികവിനെ ലോകരാജ്യങ്ങൾക്ക് മുന്നിൽ തുറന്നുവെക്കാനുള്ള പ്രവർത്തനങ്ങളുമായി അവിരാമം മുന്നോട്ടുകുതിക്കുന്ന പ്രതിഭ- ശൈഖ അൽ മയാസ, സിനിമ എന്ന മാധ്യമത്തെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് 2010ൽ തുടങ്ങിയ ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക കൂടിയാണ്. ദാനാ അൽ ഫർദാനെ പോലെ കലാരംഗത്ത് പ്രശസ്തി തെളിയിക്കുന്ന ഒരുതലമുറയോടൊപ്പം അന്തർദേശീയ നിലവാരത്തിൽ ഫാഷൻ രംഗത്ത് ഒന്നാം നിരയിൽ ഹെൻദ് റുമൈഹിയെ പോലെ പ്രമുഖരായ വനിതകൾ എന്നതെല്ലാം രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ ചുവടുവെപ്പുകളാണ്. വിദ്യാഭ്യാസ മേഖലയിലും ജോലിയിലും വർധിച്ചുവരുന്ന സ്ത്രീ പ്രാതിനിധ്യം രാജ്യം വളർച്ചയുടെ പടവുകൾ അതിവേഗത്തിൽ തന്നെയാണ് കയറുന്നത് എന്നതിലേക്കുള്ള ചൂണ്ടുപലകയാകുന്നു.
സ്ത്രീകൾ പരസ്പരം കൈകോർക്കുമ്പോൾ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും. വനിതാ ദിനങ്ങൾ തുല്യതക്കായുള്ള മുറവിളിയല്ല, മറിച്ച് ഓർമപ്പെടുത്തലാണ്. ആരുടേയും കീഴിൽ ഒതുങ്ങിനിൽക്കേണ്ട സാധ്വിയല്ല ഒരു പെൺജന്മവും. സ്വാന്തന്ത്ര്യം അവൾക്കും അമൃതാണ്. അത് മനസ്സിലാക്കേണ്ടതും അംഗീകരിക്കേണ്ടതും അതത് സമൂഹത്തിലെ പുരുഷൻമാർ കൂടിയാണ്. ഒപ്പമോ മുന്നിലായോ അവൾ നടക്കട്ടെ. പിന്നിലാക്കുമ്പോൾ ഇടിയുന്നത് അവന്റെ അന്തസ്സാണ്. ബിംബമാക്കണ്ട, ദേവിയാകേണ്ട തുല്യം മനുഷ്യജന്മമായി തന്നെ മനസ്സിലാക്കി അംഗീകരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ.
തന്റെ ജീവിതം തീർന്നു എന്ന് നിശ്ചലാവസ്ഥയിയുള്ള ഒരു പ്യൂപ്പ തിരിച്ചറിയുന്ന സന്ദർഭത്തിലാണ് അതൊരു ചിത്രശലഭമായി പറന്നുയരുന്നത്. അതിന്ദ്രീയതയുടെ വക്താവും എഴുത്തുകാരിയുമായ ലാലാ ഡേലിയ പറയുന്നു 'അവൾ ആരായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം തൊട്ടങ്ങോട്ട് പിന്നീടെല്ലാം മാറിമറിഞ്ഞു'. ഖത്തറിലെ മലയാളി സമൂഹത്തിന് വനിത ദിനാശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.