ലോകകപ്പ് ഫുട്ബാൾ വീണ്ടും ഖത്തറിലേക്ക്; അടുത്തവർഷം മുതൽ കൗമാരമേളക്ക് വേദിയാകും
text_fieldsദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബാളോടെ കായിക ലോകത്തിന്റെ ആസ്ഥാനമായി മാറിയ ഖത്തറിനെ തേടി വീണ്ടും ലോകകപ്പ് ഫുട്ബാളെത്തുന്നു. 2025 മുതൽ 2029 വരെ ഫിഫ അണ്ടർ 17 ലോകകപ്പിന്റെ സ്ഥിരം വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അറിയിച്ചു.
രണ്ടു വർഷത്തിൽ ഒരിക്കലായി നടക്കുന്ന അണ്ടർ 17 ലോകകപ്പിനെ 2025 മുതൽ വാർഷിക ടൂർണമെന്റാക്കി മാറ്റാനും ഫിഫ കൗൺസിൽ യോഗം തീരുമാനിച്ചു. ടീമുകളുടെ എണ്ണം 24ൽ നിന്നും 48ആയി ഉയർത്തിയാണ് അടുത്ത വർഷം മുതൽ കൗമാര ഫുട്ബാൾ മേളയെ ഫിഫ പരിഷ്കരിക്കുന്നത്. 2025, 2026, 2027, 2028, 2029 അണ്ടർ 17 പുരുഷ വിഭാഗം ലോകകപ്പുകളുടെ വേദിയായാണ് ഖത്തറിനെ തെരഞ്ഞെടുത്തത്. ഇതേ കാലയളവിൽ, അണ്ടർ 17 വനിതാ ലോകകപ്പിന് മൊറോക്കോയും വേദിയാകും.
അന്താരാഷ്ട്ര ഫുട്ബാൾ സമൂഹത്തിന്റെ നിരന്തര ആവശ്യവും, വിവിധ രാജ്യങ്ങളിലെ നിലവിലെ ഫുട്ബാൾ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യണമെന്ന് നിർദേശത്തെ തുടർന്ന് അണ്ടർ 17 ടൂർണമെന്റ് സമൂലമാറ്റങ്ങളോടെ പരിഷ്കരിക്കുന്നതെന്ന് ഫിഫ അറിയിച്ചു.
2022 ലോകകപ്പ് ഫുട്ബാളിന് വേദിയായ എട്ട് സ്റ്റേഡിയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഖത്തറിന് കൗമാര ലോകകപ്പിലൂടെ വീണ്ടും ഉപയോഗപ്പെടുത്താൻ കഴിയും. 2023 നവംബർ -ഡിസംബറിലായി ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും ഒടുവിലായി അണ്ടർ 17 ലോകകപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.