തുർക്കിയ, സിറിയ ഭൂകമ്പബാധിതർക്കായി ഖത്തർ മ്യൂസിയം കാമ്പയിൻ
text_fieldsദോഹ: തുർക്കിയിലും സിറിയയിലും അടുത്തിടെ ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങളിൽനിന്ന് രക്ഷപ്പെട്ടവർക്ക് സഹായവുമായി ഖത്തർ മ്യൂസിയം. ദുരിതബാധിതരെ സഹായിക്കാൻ സാധനങ്ങൾ സംഭാവന ചെയ്യുന്നതിൽ പങ്കാളികളാകാൻ ജീവനക്കാരെയും സന്ദർശകരെയും സ്പോൺസർമാരെയും പ്രോത്സാഹിപ്പിക്കുന്ന ‘ബീ ദ ഹോപ്’ എന്ന പേരിലുള്ള കാമ്പയിനാണ് ഖത്തർ മ്യൂസിയം തുടക്കം കുറിച്ചിരിക്കുന്നത്.
ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്)യുമായി സഹകരിച്ച് ഖത്തർ മ്യൂസിയം സന്നദ്ധ പ്രവർത്തകരും പങ്കാളികളും ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഒമ്പതിനും വൈകീട്ട് ഏഴിനുമിടയിൽ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിലെയും ഖത്തർ നാഷനൽ മ്യൂസിയത്തിലെയും സ്റ്റാഫ് പാർക്കിങ്ങിൽ സംഭാവനകൾ സ്വീകരിക്കും.
ഖത്തർ റെഡ്ക്രസന്റ് അവശ്യ സാധനങ്ങൾ അടിയന്തരമായി ആവശ്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതിൽ കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുള്ള ടിന്നിലടച്ച ഭക്ഷണ സാധനങ്ങൾ ഉൾപ്പെടും (പാൽപ്പൊടിയും ടിൻ ഫുഡ്സും). പുതിയ ഇനം വസ്ത്രങ്ങളും പുതപ്പുകളും, ശുചിത്വ ഉൽപന്നങ്ങൾ (കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ വലുപ്പത്തിലുള്ള ഡയപ്പറുകൾ, സാനിറ്റൈസറുകൾ, സർജിക്കൽ കൈയുറകൾ), പ്രഥമ ശുശ്രൂഷ വസ്തുക്കൾ (ആന്റി സെപ്റ്റിക് സ്പ്രേ, ബാൻഡേജുകളും ഡ്രെസിങ്ങുകളും, സുരക്ഷ പിന്നുകൾ, അണുവിമുക്തമാക്കുന്ന വൈപ്പുകൾ, പശയുള്ള ടേപ്പ്, ഫോയിൽ ബ്ലാങ്കറ്റുകൾ മുതലായവ), കളിപ്പാട്ടങ്ങൾ എന്നിവയാണ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിലും ഖത്തർ നാഷനൽ മ്യൂസിയത്തിലും സ്വീകരിക്കുന്ന മറ്റു വസ്തുക്കൾ.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ പാലത്തിന് താഴെയുള്ള സ്റ്റാഫ് പാർക്കിങ്ങിലാണ് ഒരു കലക്ഷൻ പോയന്റ്. നാഷനൽ മ്യൂസിയത്തിൽ സ്റ്റാഫ് പാർക്കിങ് ഏരിയയിലും കലക്ഷനുകൾ സ്വീകരിക്കും. സംഭാവന നൽകുന്ന ബോക്സുകളിൽ സാധനങ്ങളുടെ വിശദമായ ഇൻവെന്ററി ഉണ്ടായിരിക്കണം.
തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തെ അതിജീവിച്ചവർക്കുള്ള ഈ സംഭാവന കാമ്പയിനിൽ ഖത്തർ മ്യൂസിയവുമായി സഹകരിക്കാനും പങ്കാളികളാകാനും സാധിച്ചതിൽ അഭിമാനമുണ്ടെന്നും ദുരിതബാധിതരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാക്കുന്നതിന് സമൂഹത്തിന്റെ പിന്തുണക്ക് നന്ദി അറിയിക്കുന്നുവെന്നും ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹസൻ അൽ ഹമ്മാദി പറഞ്ഞു. ഈ പ്രയാസകരമായ സമയങ്ങളിൽ തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവരെ പിന്തുണക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് ഖത്തർ മ്യൂസിയം സി.ഇ.ഒ അഹ്മദ് അൽ നംല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.