ഖത്തർ മ്യൂസിയം ഗോൾഡൻ ജൂബിലി; കൈകോർത്ത് യുനെസ്കോയും
text_fieldsദോഹ: ഖത്തർ നാഷനൽ മ്യൂസിയത്തിന്റെ 50ാം വാർഷികം ഐക്യരാഷ്ട്രസഭ സംഘടനയായ യുനെസ്കോയുമായി ചേർന്ന് ആഘോഷിക്കും. കഴിഞ്ഞ ദിവസം ചേർന്ന യുനെസ്കോ 42ാമത് സെഷൻ ജനറൽ കോൺഫറൻസാണ് നാഷനൽ മ്യൂസിയത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷം നടത്താൻ തീരുമാനമെടുത്തത്. ഖത്തറിലും യുനെസ്കോയുടെ പാരിസിലെ ആസ്ഥാനങ്ങളിലുമായി 2024-2025 വർഷങ്ങളിൽ വിപുലമായ പരിപാടികളോടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കും. ഖത്തറിന്റെയും മേഖലയുടെയും ചരിത്രങ്ങളുടെയും പൈതൃകത്തിന്റെയും സൂക്ഷിപ്പുകാരായി 1975ലാണ് ദേശീയ മ്യൂസിയം നിലവിൽ വരുന്നത്.
ഓരോ ഘട്ടത്തിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളുമായി നവീകരിക്കപ്പെട്ട ദേശീയ മ്യൂസിയം നിലവിൽ അന്താരാഷ്ട്ര തലത്തിൽതന്നെ ശ്രദ്ധേയമാണ്.
ഐക്യരാഷ്ട്രസഭക്കു കീഴിൽ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വിഭാഗമായ യുനെസ്കോയുടെ കീഴിൽ അംഗരാജ്യങ്ങളിലെ മ്യൂസിയങ്ങളുടെ 100, 50 വാർഷികങ്ങൾ ആഘോഷിക്കുന്ന പതിവിന്റെ ഭാഗമായാണ് ഖത്തർ ദേശീയ മ്യൂസിയത്തിന്റെ നാഴികക്കല്ലും അന്താരാഷ്ട്രതലത്തിൽ ഇത്തവണ അടയാളപ്പെടുത്തുന്നത്.
നാഷനൽ മ്യൂസിയവും യുനെസ്കോയും തമ്മിലെ 50ാം വാർഷികാഘോഷ പങ്കാളിത്തം അഭിമാനത്തോടെ പ്രഖ്യാപിക്കുന്നതായി ഖത്തർ മ്യൂസിയംസ് ആക്ടിങ് സി.ഇ.ഒ മുഹമ്മദ് സാദ് അൽ റുമൈഹി പറഞ്ഞു. ഖത്തറിന്റെ ചരിത്രവും നേട്ടങ്ങളും സ്വപ്നങ്ങളും സംസാരിക്കുന്ന ദേശീയ മ്യൂസിയത്തിന്റെ വാർഷികാഘോഷങ്ങൾ ലോകവ്യാപകമായി ആഘോഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വ്യക്തിത്വങ്ങൾ, സാംസ്കാരിക കൈമാറ്റങ്ങളുടെ പ്രോത്സാഹനം, വിവിധ പരിശീലന ശിൽപശാലകൾ തുടങ്ങിയ വൈവിധ്യങ്ങളോടെയാകും വാർഷികാഘോഷങ്ങൾ.
1975ൽ ഖത്തറിന്റെ ചരിത്രശേഖരങ്ങളും രേഖകളും സൂക്ഷിച്ചുകൊണ്ട് തുടങ്ങിയ മ്യൂസിയം പിന്നീടാണ് നവീകരണം തുടങ്ങി. പുലിറ്റ്സർ പ്രൈസ് ജേതാവും ലോകപ്രശസ്ത ആർകിടെക്ടുമായ ജീൻ ന്യുവെൽ അറേബ്യൻ നാടുകളിൽ പരിചിതമായ ഡെസേർട്ട് റോസിന്റെ മാതൃകയിൽ രൂപകൽപന ചെയ്ത പുതിയ മ്യൂസിയം കെട്ടിടം 2019 മാർച്ചിലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ശേഖരങ്ങൾ ഉൾപ്പെടെ എണ്ണായിരത്തോളം വസ്തുക്കളുടെ അപൂർവമായൊരു നിലവറയാണ് മ്യൂസിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.