ആരോഗ്യ സംരക്ഷണത്തിന് പുതുസമ്മാനം
text_fieldsദോഹ: ദേശീയ ദിനത്തിൽ നാടിന്റെ ആരോഗ്യത്തിനും പച്ചപ്പിനും സമ്മാനമായ രണ്ട് പാർക്കുകൾ തുറന്നു നൽകി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. പൊതുമരാമത്ത് വിഭാഗമായ അഷ്ഗാലുമായി സഹകരിച്ച് നിർമാണം പൂർത്തിയാക്കിയ അൽ റയ്യാനിലെ പുതിയ പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. അൽ തമീദ്, അൽ സുഡാൻ എന്നീ പാർക്കുകൾ പൊതുജനങ്ങൾക്ക് വിനോദങ്ങൾക്കും വ്യായാമത്തിനും ഉല്ലാസത്തിനുമായി ഉപയോഗിക്കാം. പബ്ലിക് സർവിസ് വിഭാഗം അസി. അണ്ടർ സെക്രട്ടറി എൻജി. അബ്ദുല്ല അഹ്മദ് അൽ കറാനി, അൽ റയ്യാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ജാബിർ ഹസൻ അൽ ജാബിർ, പബ്ലിക് പാർക്ക് വിഭാഗം ഡയറക്ടർ എനജി. മുഹമ്മദ് ഇബ്രാഹിം അൽ സദ എന്നിവർ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ മേഖലകളിലെ ഹരിത കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയും, വീടുകളും താമസസ്ഥലങ്ങളും ഉൾപ്പെടെ മേഖലകളോട് ചേർന്ന് പാർക്ക് സൗകര്യങ്ങൾ ലഭ്യമാക്കുക എന്നീ പദ്ധതികളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റി മന്ത്രാലയം പുതിയ പാർക്ക് തുറന്നുനൽകിയത്.
ഇതോടെ ഖത്തറിലെ ആകെ വിനോദകേന്ദ്രങ്ങളുടെ എണ്ണം 149 ആയി. പാർക്കുകൾ, പ്ലാസ, കോർണിഷ് എന്നിവ ഉൾപ്പെടെയാണിത്. 120 പൊതു പാർക്കുകളാണുള്ളത്. 25 പ്ലാസകളും നാല് കോർണിഷുകളുമുണ്ട്.
സുസ്ഥിര പരിസ്ഥിതിയും വികസനവും ലക്ഷ്യമിട്ട് പൊതുജനങ്ങൾക്കായി ഭാവിയിൽ അന്താരാഷ്ട്ര നിലവാരത്തിലെ കൂടുതൽ പാർക്കുകൾ തുറക്കുമെന്ന് മന്ത്രാലയം പബ്ലിക് പാർക്ക് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ സദ വ്യക്തമാക്കി.
15,747 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അൽ തമീദ് പാർക്ക് സ്ഥിതി ചെയ്യുന്നത്. 9892 ചതുരശ്ര മീറ്റർ ഹരിത മേഖലകളും, 438 മീറ്റർ നടപ്പാതയും 363 മീറ്റർ സൈക്കിൾ ട്രാക്കും, 343 മീറ്റർ ജോഗിങ് ട്രാക്കും ഉൾക്കൊള്ളുന്നതാണിത്. 212ഓളം ഇനങ്ങളിലെ വൈവിധ്യമാർന്ന മരങ്ങളുമായി ചെടികളുമായി ഹൃദ്യമായ അനുഭവം നൽകിയാണ് പാർക്ക് ഒരുക്കിയത്. കുട്ടികൾക്ക് കളിയിടവും ഫിറ്റ്നസ് മേഖലയും പ്രത്യേകതയാണ്.
2303 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സുഡാൻ പാർക്ക് നിർമാണം പൂർത്തിയാക്കിയത്. നടപ്പാത, കുട്ടികൾക്കുള്ള കളിയിടം എന്നിവ ഉൾക്കൊള്ളുന്നതാണിവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.