സാഭിമാനം ഖത്തർ
text_fields1878 ഡിസംബർ 18ന് ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനി ഖത്തറിെൻറ ഭരണാധികാരിയായി ചുമതലയേറ്റതിെൻറയും ഐക്യരാഷ്ട്രമായുള്ള ഖത്തറിെൻറ ഏകീകരണത്തിെൻറയും സ്മരണ പുതുക്കുന്നതിെൻറ ഭാഗമായാണ് എല്ലാ വർഷം ഡിസംബർ 18ന് ദേശീയദിനമായി രാജ്യം ആഘോഷിക്കുന്നത്.
ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലും ഖത്തർ ദേശീയദിനവും ഒരേദിവസം നടക്കുന്നുവെന്നതാണ് ഈ ഡിസംബർ 18െൻറ സവിശേഷത. ദേശീയദിന ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയ ദിനത്തിനായിരിക്കും ഇന്ന് രാജ്യവും ജനതയും സാക്ഷ്യം വഹിക്കാൻ പോകുന്നത്.
2007 മുതലാണ് ഡിസംബർ 18 ഖത്തറിെൻറ ദേശീയദിനമായി ആചരിക്കാൻ തുടങ്ങിയത്. 2007 ജൂണിൽ അന്നത്തെ കിരീടവകാശിയും ഇന്നത്തെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പിതാവ് അമീർ ഹമദ് ബിൻ ഖലീഫ ആൽഥാനിയും ചേർന്നാണ് ഡിസംബർ 18 ഖത്തറിെൻറ ദേശീയദിനമായി പ്രഖ്യാപിച്ചത്.
'വഹദതുനാ മസ്ദറു ഖുവ്വതിനാ'
'ഐക്യമത്യം മഹാബലം' എന്ന ആശയം വരുന്ന 'വഹദതുനാ മസ്ദറു ഖുവ്വതിനാ' എന്ന അറബി വാക്യമാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 2021 ഒക്ടോബർ 27ന് ശൂറാ കൗൺസിലിെൻറ ആദ്യ സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ നടത്തിയ പ്രഭാഷണത്തിൽ നിന്നുമാണ് 'വഹദതുനാ മസ്ദറു ഖുവ്വതിനാ' തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഖത്തറെന്ന രാഷ്ട്രത്തിെൻറ സംസ്ഥാപനം മുതൽ തലമുറകളായി നിരവധി വെല്ലുവിളികൾ സ്വദേശികൾ അഭിമുഖീകരിച്ചതായും, ഉയർന്നു വരുന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പ്രതികരിക്കാനുള്ള അവരുടെ കഴിവിനെക്കുറിച്ച് ആഴത്തിലുള്ള അവബോധം അവരിൽ രൂപപ്പെടുത്താൻ ഇത് കാരണമായെന്നും, അവരുടെ യാത്രയിലുടനീളം അവരുടെ ദേശീയ ഐക്യത്തെ ശക്തിപ്പെടുത്താൻ അവർ പ്രാപ്തരായെന്നുമാണ് ദേശീയദിന മുദ്രാവാക്യത്തിലൂടെ വിവക്ഷിക്കുന്നത്.
ദർബ് അൽ സാഈ
ദേശീയദിനാഘോഷ പരിപാടികൾ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വേദിയാണ് ദർബ് അൽ സാഈ. നവംബർ 25ന് ആരംഭിച്ച പരിപാടികൾക്ക് ഇന്നത്തോടെ പരിസമാപ്തി കുറിക്കും. സാംസ്കാരിക, പൈതൃക, കലാ, കായിക, വിനോദ മേഖലകളിലായി 4500ലധികം പരിപാടികൾക്കാണ് ദർബ് അൽ സാഈ വേദിയാകുന്നത്.
ഈ വർഷം മുതൽ ഉംസലാൽ മുഹമ്മദാണ് ദർബ് അൽ സായിയുടെ സ്ഥിരം വേദി.150,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വേദിയൊരുക്കിയിരിക്കുന്നത്.
ഖത്തറിെൻറ പൈതൃകവും ദേശീയ മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക, പൈതൃക, കലാപരമായ പര്യടനം നടത്താനുള്ള അവസരമാണ് സന്ദർശകർക്ക് ദർബ് അൽ സാഈ നൽകുന്നത്. ദേശീയദിന പ്രവർത്തനങ്ങൾ ഖത്തരി സമൂഹത്തിലെ ജനങ്ങളുടെ ദേശീയ സ്മരണകൾ വർധിപ്പിക്കുന്നതുപോലെ, പുതിയ തലമുറക്ക് അവരുടെ ദേശീയ സ്വത്വം വളർത്തിയെടുക്കുന്നതിനുള്ള അവസരവും നൽകുന്നതായും യുവാക്കൾക്കായി ദേശീയ ദിനം നിരവധി പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ദേശീയദിനം മുഴുവൻ തലമുറകൾക്കും ഇടയിൽ ആശയവിനിമയത്തിനുള്ള ഇടമായും ഇവിടം മാറുന്നു.
കതാറ
ഫിഫ ലോകകപ്പിനോടനുബന്ധിച്ച് നടന്ന് കൊണ്ടിരിക്കുന്ന നിരവധി പരിപാടികൾക്കൊപ്പം രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന ദേശീയ ദിന പരിപാടികൾക്കാണ് കതാറ സാംസ്കാരിക ഗ്രാമം വേദിയാകുന്നത്. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ജോയിൻറ് സ്പെഷ്യൽ ഫോഴ്സിെൻറയും ഖത്തർ എയർ സ്പോർട്സ് കമ്മിറ്റിയുടെയും ശ്രദ്ധേയമായ പ്രകടനങ്ങൾക്കും പാരാട്രൂപ്പേഴ്സ്, പാരാ മോട്ടോർ പ്രദർശനങ്ങൾക്കും കതാറ ബീച്ച് കഴിഞ്ഞ ദിവസം വേദിയായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന അർദാ നൃത്ത പരിപാടികൾ ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന ്മുതൽ രാത്രി 11 വരെയാണ് ഖത്തറിെൻറ തനത് നൃത്തപരിപാടികൾ അരങ്ങേറുക.
ദേശീയദിനത്തിൽ എയർഷോ
ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി എയർഷോ ഈ വർഷം ലുസൈൽ ബൗലെവാഡിൽ നടക്കും. ലുസൈൽ ബൗലെവാഡിൽ ഞായറാഴ്ച വൈകുന്നേരം മൂന്ന് മുതലാണ് എയർഷോ നടക്കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. ആസ്പയർ സോൺ, മാൾ ഓഫ് ഖത്തർ, പേൾ ഖത്തർ, ഖത്തർ ഫൗണ്ടേഷൻ തുടങ്ങി വിവിധ ഇടങ്ങളിലായി വ്യത്യസ്തമായ ദേശീയദിനാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ലോകകപ്പിനോടനുബന്ധിച്ച് കോർണിഷിൽ നടക്കുന്ന േഡ്രാൺ ഷോയും വാട്ടർ ഷോയും കരിമരുന്ന് പ്രയോഗവും ദേശീയദിനത്തിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.