സുസ്ഥിര വളർച്ചയും വ്യവസായിക വൈവിധ്യവത്കരണവും
text_fieldsദോഹ: ആഭ്യന്തര ഉൽപാദന മേഖലയെ കരുത്താർജിപ്പിക്കാനുള്ള പദ്ധതികളുമായി ഖത്തറിന്റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു. 2030 വരെ ആറു വർഷത്തേക്കുള്ള ഖത്തർ നാഷനൽ മാനുഫാക്ചറിങ് സ്ട്രാറ്റജിയാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിൽ അവതരിപ്പിച്ചത്.
സുസ്ഥിര വളർച്ച, വ്യവസായിക വൈവിധ്യവത്കരണം, മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ നയം.
ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന പ്രഖ്യാപന പരിപാടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഉദ്ഘാടനംചെയ്തു. വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനി ദേശീയ നയം സംബന്ധിച്ച് വിശദീകരിച്ചു.
ഖത്തര്‍ ദേശീയ വിഷന്റെ ഭാഗമായി പദ്ധതിയിലൂടെ 2030ഓടെ പ്രതിവര്‍ഷം 275 കോടി ഖത്തര്‍ റിയാലിന്റെ നിക്ഷേപമാണ് ഉല്പാദനമേഖലയില് ലക്ഷ്യമിടുന്നത്. ആറുവർഷ പദ്ധതിയിലൂടെ വാണിജ്യ, വ്യവസായ, നിക്ഷേപ മേഖലകള്‍ക്ക് ഊര്‍ജം പകരുകയാണ് ലക്ഷ്യം. സുസ്ഥിര വികസനമെന്ന കാഴ്ചപ്പാടില്‍ ഊന്നിയാകും പദ്ധതികള്‍ തയാറാക്കുക.
കേവലം ഒരു നയം എന്നതിനപ്പുറം രാജ്യത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ ഥാനി ബിന്‍ ഫൈസല്‍ ആൽഥാനി വ്യക്തമാക്കി. ഉല്പാദനമേഖലയില്നിന്നുള്ള വരുമാനം 7500 കോടി ഖത്തര്‍ റിയാലായി ഉയര്‍ത്തും.
2030ഓടെ രാജ്യത്തെ ആഭ്യന്തര ഉൽപാദനത്തിന്റെ 3.4 ശതമാനം പെട്രോളിയം ഇതര മേഖലയിൽനിന്ന് സമാഹരിക്കുന്ന വിധത്തിൽ സമ്പദ്ഘടനയെ വൈവിധ്യവത്കരിക്കുകയാണ് ലക്ഷ്യം. പെട്രോളിയം ഇതര കയറ്റുമതി 4900 കോടി റിയാലില്‍ എത്തിക്കും. പ്രതിവർഷ വ്യവസായിക നിക്ഷേപം 2030ഓടെ 275 കോടി റിയാലായി ഉയർത്തും.
സ്ഥാപനങ്ങളുടെ മികവ്, വ്യാപാര-നിക്ഷേപ മേഖല ആകർഷകമാക്കുക, പ്രാദേശിക വ്യവസായവും ട്രേഡ് എക്സ്ചേഞ്ചും വികസിപ്പിക്കുക, ഉപഭോക്തൃ സംരക്ഷണവും മത്സരക്ഷമതയും വർധിപ്പിക്കുക എന്നീ നാലു ഘടകങ്ങളിൽ ഊന്നിയാണ് പുതിയ വാണിജ്യ-ഉൽപാദന നയം ആവിഷ്കരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടി വർധിപ്പിച്ച് ഉൽപാദന മേഖലയുടെ വൈവിധ്യവത്കരണവും പ്രധാന അജണ്ടയായി ദേശീയ നയം മുന്നോട്ട് വെക്കുന്നതായി അദ്ദേഹം പറഞ്ഞു.
സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സായിദ്, അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ ഹസൻ അൽ മൽകി, വ്യവസായ-വ്യാപാര വികസന അസി. അണ്ടർ സെക്രട്ടറി സാലിഹ് മാജിദ് അൽ കുലൈഫി, വിവിധ മന്ത്രിമാർ ഉൾപ്പെടെ ഉന്നതർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.