ബന്ധം അവസാനിപ്പിച്ചതിൽ ന്യായീകരണമില്ല– ഖത്തർ
text_fieldsദോഹ: സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ ഖത്തറുമായി ബന്ധം അവസാനിപ്പിച്ചത് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാണെന്നും ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഖത്തറിെൻറ പരമാധികാരത്തെ ലംഘിക്കുന്ന തീരുമാനമാണ് മറ്റു രാജ്യങ്ങൾ കൈകൊണ്ടിരിക്കുന്നത്. ഈ രാജ്യങ്ങളുടെ തീരുമാനം ഖത്തറിലെ പൗരന്മാരുടേയും പ്രവാസികളുടേയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും വിദേശ മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിെൻറ രക്ഷകർത്യത്വം ഏറ്റെടുക്കാനാണ് ജി.സി.സി രാജ്യങ്ങൾ ലക്ഷ്യമിടുന്നതെന്നും രാജ്യത്തിെൻറ പരമാധികാരത്തെയും സമൂഹത്തേയും സമ്പദ് വ്യവസ്ഥയെയും ഹനിക്കുന്ന ശ്രമങ്ങള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി.) സജീവ അംഗമാണ് ഖത്തർ. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഖത്തര്‍ ഇടപെട്ടിട്ടില്ലെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ചുമതല വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
ഭീകര സംഘടനകളെ പിന്തുണക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത്,യെമൻ തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്തലാക്കിയത്. നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെക്കും. അതേ സമയം ഖത്തറിലെ തീര്‍ത്ഥാടകരെ വിലക്കില്ലെന്ന് സൗദി അറേബ്യ അറിയിച്ചു. ഖത്തറുമായുള്ള ബന്ധം ചില അറബ് രാജ്യങ്ങൾ വിഛേദിച്ചത് കപ്പൽ - വിമാന ഗാതാഗതത്തെയും ബാധിച്ചിട്ടുണ്ട്. സൗദിയുടെയും യു.എ.ഇയുടെയും വിമാനങ്ങൾ ദോഹയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കൂടുതൽ രാജ്യങ്ങൾ ഖത്തറുമായി ബന്ധം വിഛേദിക്കണമെന്ന് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ബന്ധം വിച്ഛേദിക്കില്ലെന്ന് പാകിസ്താൻ വ്യക്തമാക്കി.
മേഖലയിലെ സമാധാനത്തിനായി ഇൗ രാജ്യങ്ങൾ ഉടനടി ചർച്ച നടത്തണമെന്ന് ആസ്ട്രേലിയ സന്ദർശിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ മേഖലയിലെ രാജ്യങ്ങൾ ഒന്നിച്ചു പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതിർത്തികൾ അടയ്ക്കുകയും നയതന്ത്ര ബന്ധം വിഛേദിക്കുകയും ചെയ്യുന്നതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ലെന്നും മേഖലയിലെ രാജ്യങ്ങളെ ദുർബലപ്പെടുത്തുമെന്നുമാണ് ഇറാൻ അഭിപ്രായപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.