ബർഷിം, അമൽ മികച്ച താരങ്ങൾ
text_fieldsദോഹ: കായിക മേഖലകളിലെ മികവിനുള്ള ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ സ്പോർട്സ് എക്സലൻസ് പുരസ്കാരങ്ങൾ പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു.
ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ കായിക-യുവജന മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് ആൽഥാനി, ക്യു.ഒ.സി ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബിൻ യൂസുഫ് അൽ മന, സെക്കൻഡ് വൈസ് പ്രസിഡന്റ് ഡോ. ഥാനി ബിൻ അബ്ദുൽറഹ്മാൻ അൽ കുവാരി, സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ ഖത്തറിലെ വിവിധ കായിക സംഘടന മേധാവികളും പങ്കെടുത്തു.
സീസണിലെ വിവിധ കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾ, സംഘാടകർ, സ്ഥാപനങ്ങൾ എന്നിവരെ ആദരിച്ചു. സീസണിലെ ഏറ്റവും മികച്ച പുരുഷ കായികതാരമായി ഒളിമ്പിക്സ്, ലോകചാമ്പ്യനും ഏറ്റവും ഒടുവിൽ നടന്ന പാരിസ് ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവുമായ മുഅതസ് ഈസ ബർഷിം സ്വന്തമാക്കി. ഷൂട്ടിങ് താരം അമൽ മുഹമ്മദ് മഹ്മൂദാണ് ഏറ്റവും മികച്ച വനിത കായികതാരമായത്.
മികച്ച ഭാവിതാരമായി പുരുഷ വിഭാഗത്തിൽ 400 മീറ്റർ ഹർഡ്ൽസ് താരം ഇസ്മായിൽ ദാവൂദ് അബാകറും, വനിത താരമായ നൂർ നിസാർ അബ്ദുൽഖാദറും തിരഞ്ഞെടുക്കപ്പെട്ടു. ഖത്തർ ദേശീയ അത്ലറ്റിക്സ് പരിശീലകനായ ഹെൻഡ്രിക് കോട്സെയാണ് സീസണിലെ ഏറ്റവും മികച്ച പരിശീലകനായത്. പുരുഷ പാരാഅത്ലറ്റായി അലി റാദിയെയും, വനിത പാരാ അത്ലറ്റായി സാറ ഹംദിയെയും തിരഞ്ഞെടുത്തു. വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്, വേൾഡ് ജൂഡോ ചാമ്പ്യൻഷിപ് എന്നിവരുടെ സംഘാടക മികവിനും അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.