ഓൺ അറൈവലായി ഖത്തർ; മലയാളികൾ ദോഹയിലെത്തി
text_fieldsദോഹ: പുതിയ യാത്രാ നയത്തിൻെറ ഭാഗമായി ഓൺ അറൈവൽ വിസ പുനരാരംഭിച്ചതോടെ ഇന്ത്യയിൽ നിന്നും ആദ്യ യാത്രക്കാർ ഖത്തറിലെത്തി. വ്യാഴാഴ്ച രാത്രിയാണ് പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേർ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. 14 ദിവസം ഖത്തറിൽ തങ്ങിയ ശേഷം സൗദിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
ജൂലൈ 12 തിങ്കളാഴ്ച പ്രാബല്ല്യത്തിൽ വന്ന പുതിയ യാത്രാ നയത്തിനു പിന്നാലെയാണ് ഓൺ അറൈവൽ നടപടികൾ പുനരാരംഭിച്ചത്. സൗദി, യു.എ.ഇ ഉൾപ്പെടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ ഓൺ അറൈവൽ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്നത്. ഖത്തറിലെത്തി, 14ദിവസം പൂർത്തിയാക്കിയാൽ സൗദിയിലേക്കും യു.എ.ഇയിലേക്കും പോകാമെന്നാണ് ഇവരുടെ പ്രതീക്ഷ. ആദ്യ യാത്രക്കാരൻ ദോഹയിൽ സുരക്ഷിതമായി വിമാനമിറങ്ങിയതോടെ വരും നാളിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ കുത്തൊഴുക്കാവും അനുഭവപ്പെടുകയെന്ന് ട്രാവൽ -ടൂറിസം മേഖലയിലെ വിദഗ്ധർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഖത്തർ അംഗീകൃത വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തേക്ക് പ്രവേശനം. ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ വിമാന ടിക്കറ്റ്, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻെറ രണ്ട് ഡോസും
സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം എന്നിവ ഓൺഅറൈവൽ യാത്രക്കാരന് നിർബന്ധമാണ്. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരുമായിരിക്കണം. യാത്രക്ക് 12 മണിക്കൂർ മുമ്പായി ഇഹ്തിറാസ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് യാത്രാനുമതി ലഭിച്ചലേ വിമാനത്തിൽ കയറാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.