ലോകകോടതിയിൽ തുറന്നടിച്ച് ഖത്തർ
text_fieldsദോഹ: അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരതകൾ തുറന്നുകാട്ടി ഖത്തർ പ്രതിനിധിയുടെ വാദങ്ങൾ. ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ഖത്തറിന്റെ വാദങ്ങൾ നിരത്തിക്കൊണ്ട് രൂക്ഷമായ ഭാഷയിലാണ് ഡോ. മുത്ലഖ് ബിന്‍ മാജിദ് ഖഹ്താനി സംസാരിച്ചത്.
അന്താരാഷ്ട്ര നിയമങ്ങളുടെ വിശ്വാസ്യത ഗസ്സ വിഷയത്തിലെ ലോക കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന് ജനതയെ ഇസ്രായേല്‍ ശിഥിലമാക്കിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനികൾക്ക് സഞ്ചാര സ്വാതന്ത്ര്യമില്ല, ദൈനംദിനം ജീവിതം പോലും അസാധ്യമാക്കി. 2007 മുതല്‍ ഗസ്സയെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തുകയാണ്.
ക്രൂരമായ ചെക്പോസ്റ്റുകളാണ് ഗസ്സക്ക് സ്ഥാപിച്ചിരിക്കുന്നത്. വെസ്റ്റ്ബാങ്കിലും സ്ഥിതി വ്യത്യസ്തമല്ല. അധിനിവേശക്കാര്‍ സേനയുടെ പിന്തുണയോടെ അതിക്രമങ്ങള്‍ നടത്തുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നലംഘനമാണ് ഇസ്രായേല്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര കോടതി നിലപാട് നിര്‍ണായകമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ വിശ്വാസ്യത ഗസ്സ വിഷയത്തില്‍ ഐ.സി. ജെ എടുക്കുന്ന തീരുമാനത്തെ കൂടി ആശ്രയിച്ചിരിക്കുന്നു.
ഗസ്സയിലെ ആക്രമണം വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റവും അധിനിവേശവും മറച്ചുവെക്കാന്‍ ഉപയോഗിക്കുന്നതായും ഖത്തര്‍ കോടതിയെ ധരിപ്പിച്ചു. വിവിധ വിഷയങ്ങളിലെ ഇരട്ടത്താപ്പിനെയും ഖത്തർ പ്രതിനിധി രൂക്ഷമായി വിമർശിച്ചു. നിയമം എല്ലാവരിലും തുല്യതയോടെ നടപ്പാക്കുന്നത് ഉറപ്പാക്കണമെന്നും ലോകകോടതിയിൽ അദ്ദേഹം വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.