വാതിൽ തുറന്ന് ഖത്തർ
text_fieldsദോഹ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു മുമ്പാകെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഖത്തറിെൻറ വാതിലുകൾ ഇന്നു മലർക്കെ തുറക്കുന്നു. യാത്രാനിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ഇന്ന് പുലർച്ചെ മുതൽ പ്രാബല്യത്തിൽ. കൊച്ചിയിൽനിന്നുള്ള ഇൻഡിഗോ എയർലൈൻസ്, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള ഖത്തർ എയർവേസ് എന്നിവയുടെ വിമാനങ്ങളാണ് തിങ്കളാഴ്ച ഇന്ത്യയിൽനിന്നായി ദോഹയിലിറങ്ങുന്നത്.
കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ ഖത്തർ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുന്ന ദിവസം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസിസമൂഹം ഈ ദിനത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനിന്ന 10 ദിന ഹോട്ടൽ ക്വാറൻറീൻ കടമ്പയിൽനിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ഒഴിവാക്കിയ വാർത്ത ആവേശത്തോടെയാണ് സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ സ്വാഗതം ചെയ്തത്.
രക്ഷിതാക്കൾ രണ്ടു ഡോസും സ്വീകരിച്ചവരാണെങ്കിൽ 18ന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ലെന്ന ഏറ്റവും പുതിയ നിർദേശംകൂടി വന്നതോടെ കുടുംബസമേതമുള്ള യാത്രകളും സജീവമായി. പെരുന്നാൾ അവധിക്ക് നാട്ടിലേക്കുള്ള യാത്ര കഴിഞ്ഞ ദിവസങ്ങളിൽതന്നെ സജീവമായി. നാട്ടിലുള്ള കുടുംബാംഗങ്ങൾ തിരികെ ഖത്തറിലേക്ക് മടങ്ങുന്നതും ഇന്നു മുതൽ സജീവമാകും. വർധിച്ച തോതിലാണ്ണ് ടിക്കറ്റ് ബുക്കിങ്ങെന്ന് ട്രാവൽ-ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.
കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നും വരുംദിവസങ്ങളിൽ പുറപ്പെടാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എയർലൈൻസ്, ഖത്തർ എയർവേസ് വിമാനങ്ങളിൽ ബുക്കിങ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. രണ്ടാഴ്ച മുമ്പുവരെ പകുതിയോ അതിൽ കുറവോ സീറ്റുകൾ ഒഴിഞ്ഞു പറന്നിരുന്ന സ്ഥാനത്താണിത്.
വിമാനക്കമ്പനികൾ ഇന്ത്യയിലെ മറ്റു പല നഗരങ്ങളിലേക്കും കൂടുതൽ സർവിസുകളും ആരംഭിക്കുന്നുണ്ട്.ഇൻഡിഗോ എയർലൈൻസ് ആഗസ്റ്റ് ഏഴു മുതൽ ട്രിച്ചിയിൽനിന്നും സർവിസ് ഷെഡ്യൂൾ ചെയ്ത് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
വരും ദിവസങ്ങളിൽ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് സർവിസുകൾ കൂടുമെന്നും റിപ്പോർട്ടുകളുണ്ട്.നിലവിൽ ഇടവിട്ട ദിവസങ്ങളിലാണ് കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്ന് ഇൻഡിഗോയും എയർ ഇന്ത്യയും സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.