ലോകകപ്പ് അനുഭവങ്ങളുമായി ലോകാരോഗ്യ സംഘടനാവേദിയിൽ ഖത്തർ
text_fieldsദോഹ: 76ാമത് ലോകാരോഗ്യ അസംബ്ലിക്ക് മുന്നോടിയായി ജനീവയിൽ നടന്ന ‘വാക്ക് ദ ടോക്ക്: ഹെൽത്ത് ഫോർ ഓൾ ചലഞ്ചിൽ’ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പങ്കെടുത്തു.
ആരോഗ്യ മന്ത്രിയെക്കൂടാതെ, ഖത്തർ ആരോഗ്യ മേഖലയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ മുതിർന്ന പ്രതിനിധികളും ഖത്തറിൽനിന്നുള്ള സംഘത്തിലുണ്ടായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ 76ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന വാക്ക് ദ ടോക്കിന്റെ നാലാം പതിപ്പിലൂടെ ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിലേക്ക് മുന്നേറാനുള്ള അവസരമൊരുക്കുകയുമാണ് ലക്ഷ്യം.
മൂന്നുമുതൽ 4.2 കിലോമീറ്റർ റൂട്ടിൽ നടന്നും ഓടിയും വീൽചെയറിലുമായി ‘വാക്ക് ദ ടോക്കിൽ’ പങ്കെടുക്കാനുള്ള അവസരം ഖത്തർ പ്രതിനിധികൾ ഉപയോഗിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, സുപ്രീം കമ്മിറ്റി, ലോകാരോഗ്യ സംഘടന, ഫിഫ എന്നിവയുടെ ആരോഗ്യ പങ്കാളിത്തത്തിന്റെ ഭാഗമായി ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി ദോഹയിലാണ് വാക്ക് ദ ടോക്ക് സംരംഭം ആദ്യമായി അവതരിപ്പിച്ചത്.
ജനീവയിൽ മേയ് 30വരെ നടക്കുന്ന 76ാമത് ലോകാരോഗ്യ അസംബ്ലിയിൽ പൊതുജനാരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഖത്തർ പ്രതിനിധിസംഘം പങ്കെടുക്കും. ലോകാരോഗ്യ സംഘടന 75 വർഷം പൂർത്തിയാകുമ്പോൾ ജീവൻ രക്ഷിക്കുക, എല്ലാവർക്കും ആരോഗ്യം നൽകുക എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ ആരോഗ്യ അസംബ്ലി നടക്കുന്നത്.
2022 ലോകകപ്പിനോടനുബന്ധിച്ച് സ്പോർട്സ് ഫോർ ഹെൽത്ത് പങ്കാളിത്തത്തിന്റെ നേട്ടങ്ങളും ലക്ഷ്യങ്ങളും ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയം, സുപ്രീം കമ്മിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ മേയ് 23ന് ജനീവയിൽ പ്രത്യേക പരിപാടി ഖത്തറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ലോകകപ്പ് ഖത്തർ 2022 ശാരീരികവും മാനസികവുമായ ആരോഗ്യ പ്രോത്സാഹനത്തിനുള്ള ശ്രദ്ധേയമായ പദ്ധതിയും, ഭാവിയിലെ മെഗാ കായിക മത്സരങ്ങൾ ആരോഗ്യകരവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നതിനുള്ള മാതൃകയുമായി ഖത്തർ ഈ പരിപാടിയിൽ അവതരിപ്പിക്കും.
മെഗാ കായിക ഇവന്റ് ആതിഥേയരെയും സംഘാടകരെയും ഒരുമിപ്പിക്കുന്ന ചടങ്ങിൽ ഖത്തറിന്റെ ഒളിമ്പിക് ഹൈജമ്പ് സ്വർണ മെഡൽ ജേതാവ് മുഅതസ് ബർഷിം, സിറിയൻ നീന്തൽ താരം യുസ്റ മർദീനി എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കും. ഫുട്ബാളിന്റെ പരിവർത്തന ശക്തി ഉപയോഗിച്ച് സമൂഹത്തിൽ സാമൂഹിക മാറ്റം കൈവരിക്കുന്നതിനായി സുപ്രീം കമ്മിറ്റി സ്ഥാപിച്ച ജനറേഷൻ അമേസിങ് പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.