പവറോടെ ഖത്തർ പാസ്പോർട്ട്
text_fieldsദോഹ: ലോകത്തെ ഏറ്റവും മൂല്യമേറിയ പാസ്പോർട്ടുകളിൽ ഒന്നായി ഖത്തറും. നേരത്തേയുണ്ടായിരുന്ന റാങ്കിങ്ങിൽ നിന്നും മൂന്ന് സ്ഥാനം മുന്നോട്ട് കുതിച്ച് 52ലാണ് ഇപ്പോൾ ഖത്തറിന്റെ സ്ഥാനം. ഖത്തർ പാസ്പോർട്ട് ഉപയോഗിച്ച് പൗരന്മാർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 103 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സന്ദർശിക്കാം. ജപ്പാൻ പോലുള്ള രാജ്യങ്ങൾ ഈയടുത്ത് ഖത്തർ പാസ്പോർട്ടിന് വിസ ഇളവും അനുവദിച്ചിരുന്നു.
അതേസമയം, പാസ്പോർട്ട് പവർ റാങ്കിങ്ങിൽ ഒന്നാമതുണ്ടായിരുന്ന ജപ്പാനെ പിന്തള്ളി സിംഗപ്പൂർ പുതിയ റാങ്കിങ്ങിൽ മുന്നിലെത്തി. പാസ്പോർട്ട് പവർ റാങ്കിങ്ങിലെ ദീർഘനാളത്തെ സ്ഥാനമാണ് ജപ്പാന് നഷ്ടമായത്.
അഞ്ച് വർഷക്കാലം ഒന്നാമതായിരുന്ന ജപ്പാൻ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. സിംഗപ്പൂർ പാസ്പോർട്ട് ഉടമകൾക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെതന്നെ പ്രവേശനം സാധ്യമാണ്. ജർമനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്തുള്ളത്.
190 രാജ്യങ്ങളിലേക്ക് ഇവിടെ നിന്നുള്ള പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ പ്രവേശിക്കാം. നേരേത്ത ഒന്നാമതായിരുന്ന ജപ്പാൻ, ഫ്രാൻസ്, ഫിൻലൻഡ്, ദക്ഷിണ കൊറിയ തുടങ്ങി ഏഴ് രാജ്യങ്ങൾക്കൊപ്പം മൂന്നാം സ്ഥാനത്താണ്. 189 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നുള്ള പൗരന്മാർക്ക് വിസയില്ലാതെ പ്രവേശനം നൽകുന്നത്.
ഒന്നാം നമ്പറിലുള്ള സിംഗപ്പൂർ പാസ്പോർട്ട് കരസ്ഥമാക്കൽ അത്ര എളുപ്പമല്ലെന്ന് ഹെൻലി ആൻഡ് പാർട്ട്ണേഴ്സിന്റെയും മറ്റും ഗ്ലോബൽ പവർ പാസ്പോർട്ട് ഇൻഡക്സ് പറയുന്നു. കഴിഞ്ഞ വർഷം ഏകദേശം 23,100 പേർക്ക് മാത്രമാണ് സിംഗപ്പൂർ പൗരത്വം അനുവദിച്ചത്.അമേരിക്ക രണ്ട് സ്ഥാനം പിറകോട്ടടിച്ച് എട്ടാമതാണ് പട്ടികയിൽ.
കൂടാതെ ബ്രെക്സിറ്റ് പ്രതിസന്ധിയിൽ പിറകിലായിരുന്ന ബ്രിട്ടൻ രണ്ട് സ്ഥാനങ്ങൾ മുന്നോട്ട് കയറി പട്ടികയിൽ നാലാമതെത്തി. 2017ലാണ് ബ്രിട്ടൻ അവസാനമായി ഈ സ്ഥാനത്തെത്തിയിരുന്നത്. 188 രാജ്യങ്ങളിലേക്കാണ് ബ്രിട്ടീഷ് പൗരന്മാർക്ക് വിസരഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഓസ്ട്രിയ, ഫിൻലൻഡ്, ഫ്രാൻസ്, ജപ്പാൻ, ലക്സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്. ബ്രിട്ടനൊപ്പം ഡെന്മാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നിവരും പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിശ്ചയിക്കുന്നത്.
അതോടൊപ്പം, മുൻകൂർ വിസയില്ലാതെ ഒരു രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ച രാജ്യങ്ങളുടെ എണ്ണം കണക്കാക്കുന്ന ഹെൻലി ഓപ്പൺനെസ് സൂചികയിൽ ഖത്തറിന് 53ാം സ്ഥാനമുണ്ട്. ഗൾഫ് മേഖലയിൽനിന്ന് യു.എ.ഇയാണ് ഏറ്റവും മുന്നിലുള്ളത്. 179 രാജ്യങ്ങളിലേക്ക് വിസരഹിത എൻട്രിയുള്ള യു.എ.ഇ പാസ്പോർട്ട് 12ാം സ്ഥാനത്താണ്.
രണ്ടാം സ്ഥാനത്താണ് ഖത്തറിന്റെ സ്ഥാനം. കുവൈത്ത് (55ാം സ്ഥാനം, 99 എൻട്രി), ബഹ്റൈൻ (61ാം സ്ഥാനം, 88 എൻട്രി), ഒമാൻ (62ാം സ്ഥാനം, 85 എൻട്രി), സൗദി അറേബ്യ (63ാം സ്ഥാനം, 83 എൻട്രി) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുടെ നില. 81ാം സ്ഥാനത്തുള്ള ഇന്ത്യൻ പാസ്പോർട്ടിന് 57 രാജ്യങ്ങളിലേക്കാണ് വിസരഹിത പ്രവേശനം നൽകുന്നത്. പട്ടികയിൽ ഏറ്റവും പിറകിൽ നിൽക്കുന്നത് സോമാലിയ, ശ്രീലങ്ക, ജിബൂട്ടി, ബുറുണ്ടി, നേപ്പാൾ എന്നിവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.