ഖത്തർ പെേട്രാളിയം 30 ശതമാനം ചെലവ് വെട്ടിച്ചുരുക്കുന്നു
text_fieldsദോഹ: പ്രതിസന്ധികൾ നിറഞ്ഞ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തർ പെേട്രാളിയം 30 ശതമാനം ചെലവ് ചുരുക്കുന്നു. ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബിയാണ് ഇക്കാര്യം പറഞ്ഞത്. ഖത്തർ–അമേരിക്ക ബിസിനസ് കൗൺസിൽ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ മാസത്തോടെ മൂലധന, പ്രവർത്തന ചെലവുകളിൽ 30 ശതമാനം കുറവ് വരുത്തും. ആഗോള തലത്തിലെ ലോക്ക്്ഡൗൺ കാരണം ആവശ്യം കുറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം നോർത്ത് അമേരിക്കയിലെ അനാരോഗ്യകരമായ എണ്ണവിലയും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. കോവിഡ്–19 പ്രതിസന്ധിയെ തുടർന്ന് എല്ലാ രാജ്യങ്ങളും സ്വയം ലോക്ക്ഡൗണിൽ പോയത് ആഗോള തലത്തിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഊർജ മേഖല എപ്പോഴും കരുത്തുറ്റതാണെന്നും എന്നാൽ ഈ പ്രതിസന്ധി വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതിഗതികൾ കൊറോണക്ക് മുമ്പുള്ള നിലയിലേക്ക് എത്തുന്നതിന് ഒന്നോ അതിലധികമോ വർഷം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉൽപാദന മേഖലയിലും മൂലധനത്തിലും 30 ശതമാനം ചെലവ് കുറക്കുന്നത് നിലവിലെ സാഹചര്യത്തിൽ പിടിച്ച് നിൽക്കാൻ സഹായിക്കും.
എന്നാൽ ഉൽപാദനം കുറക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്നും അൽ കഅ്ബി വ്യക്തമാക്കി. സാധ്യമാകുകയാണെങ്കിൽ നിലവിലെ 126 മില്യൻ ടൺ എന്ന ലക്ഷ്യത്തിനപ്പുറം ഉൽപാദനം വർധിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചെലവ് ചുരുങ്ങിയ മാർഗങ്ങളിലൂടെയാണ് ഖത്തറിലെ എണ്ണ ഉൽപാദനം. അതുകൊണ്ട് തന്നെ നിലവിലെ വിപണി സമ്മർദ്ദങ്ങളെ നേരിടാൻ ഖത്തറിനാകുമെന്നും അൽ കഅ്ബി പറഞ്ഞു. നിലവിലെ പ്രതിസന്ധി കാരണം ഖത്തർ പെേട്രാളിയത്തിൽ ജീവനക്കാരുടെ പിരിച്ചു വിടൽ സംബന്ധിച്ച് അൽ കഅ്ബി നേരത്തെ സൂചന നൽകിയിരുന്നു.
എണ്ണവിലയിലെ ഇടിവ് ഉൽപാദനം കുറക്കുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്നും സ്വദേശികളായ ജീവനക്കാരൊഴികെയുള്ള ഖത്തർ പെേട്രാളിയം ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ നിർബന്ധിതരായിരിക്കുകയാണെന്നും അൽ കഅ്ബി ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ചെറിയ പെരുന്നാൾ അവധിക്ക് ശേഷം ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് റോയിട്ടേഴ്സും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിസന്ധികൾ കാരണം 2015ലും 2018ലും ഖത്തർ പെേട്രാളിയം തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.