ഖത്തർ: വന്യജീവിസൗന്ദര്യം ഒപ്പിയെടുത്ത് മൽസരം; മുസഫർ അലിക്ക് രണ്ടാം സ്ഥാനം
text_fieldsദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വർഷം ഒക്ടോബറിൽ സംഘടിപ്പിച്ച പരിസ്ഥിതി വന്യജീവി ഫോ ട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. ഖത്തരിയായ മുഹമ്മദ് ഈസ അൽ കുവാരി ഒന്നാം സ്ഥാനം (11,000 റിയാൽ) കരസ്ഥമാക്കിയപ്പോൾ മലയാളിയായ മുസഫർ അലി പറമ്പത്ത് രണ്ടാം സ്ഥാനം (9000 റിയാൽ) നേടി. ടോഹ് നെൻഗായി ലെൻഗ് മൂന്നാം സ്ഥാനവും (7000 റിയാൽ) നേടി.
ഖത്തറിലെ ഇർകിയ ഫാമിൽ നിന്ന് പകർത്തിയ മൂങ്ങവര്‍ഗത്തില്‍ പെട്ട പക്ഷി തൻെറ കുഞ്ഞിന് തീറ്റയായി എലിയെ നൽകുന്ന ഫോട്ടോയാണ് മുസഫര്‍ അലിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. 10 വർഷമായി ഖത്തറിൽ ഉരീദുവിൽ ജോലി ചെയ്യുകയാണ്. മെക്കാനിക്കൽ എഞ്ചിനീയർ ആണ്. കണ്ണൂർ ജില്ലയിലെ പാനൂർ കൈവേലിക്കൽ സ്വദേശിയാണ്. ഭാര്യ: ഹിഷാന. മകള്‍: റീഷ് ലീന്‍.
ഖത്തർ ഫോട്ടോഗ്രഫിക് സൊസൈറ്റിയുമായി സഹകരിച്ച് മന്ത്രാലയത്തിന് കീഴിലെ പരിസ്ഥിതി വകുപ്പ് സംഘടിപ്പിച്ച മത്സരത്തിൽ ആകെ 32 വിജയികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫോട്ടോഗ്രഫി വിഭാഗത്തിൽ 20 പേർക്ക് ടോപ് അവാർഡുകളും 10 പേർക്ക് സ്പെഷ്യൽ അവാർഡുകളും സമ്മാനിച്ചു. വീഡിയോ വിഭാഗത്തിൽ രണ്ട് അവാർഡുകളാണ് നൽകിയത്.
മത്സരത്തിൽ 502 പേരാണ് പങ്കെടുത്തത്. 1037 ഫോട്ടോകൾ മത്സര വിഭാഗത്തിനായി ലഭിച്ചു. 65 വീഡിയോകളും ലഭിച്ചു.
മലയാളികളായ മുഹമ്മദ് അഷ്റഫ്, മുഹമ്മദ് സാജിത്, അബ്ദുസ്സലീം എന്നിവർ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലെത്തി. 3000 റിയാലാണ് ഇവർക്ക് ലഭിച്ചത്. ശ്രീജിത്ത് ശ്രീധരൻ, ശബീർ അലി, ജൈസൽ, ഷിറാസ് അബ്ദുല്ല എന്നിവരും സമ്മാനം നേടിയവരിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.