ഖത്തർ വോട്ട് ചെയ്തു; റെക്കോഡ് പോളിങ്
text_fieldsദോഹ: ദേശീയ ഐക്യവും രാഷ്ട്രമൂല്യവും പ്രതിഫലിച്ച ഹിതപരിശോധനയിൽ ആവേശത്തോടെ അഭിപ്രായം രേഖപ്പെടുത്തി ഖത്തർ. ചൊവ്വാഴ്ച രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പിൽ നേരത്തെ തന്നെ ശക്തമായ പോളിങ് ഉണ്ടായി. സ്ത്രീകളും യുവാക്കളും മുതിർന്നവരും പ്രായമായവരുമെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തയാറാക്കിയ പോളിങ് കേന്ദ്രങ്ങളിലെത്തിയാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. രാത്രി ഏഴു മണി വരെ നീണ്ട വോട്ടെടുപ്പിൽ കനത്ത പോളിങ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് ഉൾപ്പെടെ ഭരണഘടന ഭേദഗതി സംബന്ധിച്ച കരട് നിർദേശങ്ങളിൽ ജനഹിതം രേഖപ്പെടുത്തുന്നതിന് അവസരമൊരുക്കിയാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പ് ആരംഭിച്ച് രാവിലെ 11 മണിയോടെ തന്നെ 51 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഉച്ചക്ക് മൂന്ന് മണിയോടെ വോട്ടിങ് 72 ശതമാനം പൂർത്തിയായി. 24 മണിക്കൂറിനുള്ളിൽ ഹിതപരിശോധന ഫലം പ്രഖ്യാപിക്കും.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി റഫറണ്ടം കമ്മിറ്റി ആസ്ഥാനമായ മുശൈരിബിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തി. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഹമദ് ബിൻ അലി സ്റ്റേഡിയത്തിലെ പോളിങ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ബർഹാത് മുശൈരിബിലെ 15ാം കമ്മിറ്റി പോളിങ് സ്റ്റേഷനിലും ഖത്തർ അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി ഹമദ് ബിൻ അലി സ്റ്റേഡിയത്തിലെ പോളിങ് സ്റ്റേഷനിലും വോട്ട് ചെയ്തു.
അൽ ദുഹൈൽ സ്പോർട്സ് ക്ലബിലെ പോളിങ് സ്റ്റേഷനിൽ എത്തിയാണ് ഖത്തർ ആഭ്യന്തര മന്ത്രിയും റഫറണ്ടം ജനറൽ കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി വോട്ട് രേഖപ്പെടുത്തിയത്. ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ എജുക്കേഷൻ സിറ്റിയിലെ കേന്ദ്രത്തിൽ രാവിലെ വോട്ട് ചെയ്തു.
ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി, ഖത്തർ ഫൗണ്ടേഷൻ സി.ഇ.ഒ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി, അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ആൽഥാനി ഉൾപ്പെടെ ഉന്നതർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തി.
മന്ത്രിമാർ, ശൈഖുമാർ, മുൻ പ്രധാനമന്ത്രിമാരും മന്ത്രിമാരും ഉൾപ്പെടെ എല്ലാ പൗരന്മാരും വോട്ട് രേഖപ്പെടുത്താനെത്തുന്ന കാഴ്ചയായിരുന്നു ഖത്തറിലെങ്ങും. ശാരീരിക അവശതകൾ അവഗണിച്ച് വീൽചെയറുകളിലും ഊന്നുവടികളിലുമായി പൗരന്മാർ രാവിലെ മുതൽ വിവിധ പോളിങ് കേന്ദ്രങ്ങളിലെത്തി ഹിതപരിശോധനയിൽ പങ്കുചേർന്നു.
ഹിതപരിശോധനയുടെ ഭാഗമായി സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി നൽകിയിരുന്നു. സർക്കാർ ഓഫിസുകളിലും വോട്ടിങ്ങിന് അനുസരിച്ച് പ്രവൃത്തി സമയം ക്രമീകരിച്ചു. പേപ്പർ ബാലറ്റിലും ഇലക്ട്രോണിക് വോട്ടിങ് വഴിയും വോട്ട് രേഖപ്പെടുത്താൻ ഒരുക്കിയ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഹിതപരിശോധനയിൽ എല്ലാവരും പങ്കാളികളായത്. ഇതിനുപുറമെ ആശുപത്രികളിൽ കഴിയുന്ന രോഗികൾ ഉൾപ്പെടെയുള്ളവർക്കായി ആഭ്യന്തര മന്ത്രാലയം നേതൃത്വത്തിൽ മൊബൈൽ വോട്ടിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മെട്രാഷ് ആപ് ഉപയോഗിച്ച് വിദേശങ്ങളിലുള്ളവർ ഓൺലൈൻ ആയും വോട്ട് ചെയ്തു.
പൗരന്മാരുടെ റെക്കോഡ് പങ്കാളിത്തമായിരുന്നുവെന്ന് അലി ബിൻ ഹമദ് അൽ അതിയ്യ ഹാൾ ഫസ്റ്റ് റഫറണ്ടം കമ്മിറ്റി ചെയർപേഴ്സൻ മേജർ ജനറൽ ഡോ. അബ്ദുല്ല യൂസുഫ് അൽ മാൽ ഖത്തർ ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. ആകെ പോൾ ചെയ്തതിൽ രാജ്യത്തിനകത്തുനിന്നും 93 ശതമാനം പേരും ശേഷിച്ച ഏഴു ശതമാനം മെട്രാഷ് വഴി വിദേശങ്ങളിൽ നിന്നും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.