ചരക്കുനീക്കത്തിൽ അതിവേഗവുമായി ഖത്തർ തുറമുഖങ്ങൾ
text_fieldsദോഹ: ചരക്കുനീക്കത്തിൽ റെക്കോഡ് നേട്ടവുമായി ഖത്തറിലെ തുറമുഖങ്ങൾ. കണ്ടെയ്നർ, ജനറൽ കാർഗോ, റോറോ, വളർത്തുമൃഗങ്ങൾ തുടങ്ങിയവയുമായെത്തുന്ന കപ്പലുകളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 23 ശതമാനത്തിന്റെ വളർച്ച കൈവരിച്ചതായി ഖത്തറിലെ തുറമുഖ ചരക്കുനീക്കം കൈകാര്യം ചെയ്യുന്ന മവാനി ഖത്തർ അറിയിച്ചു. 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ ഇനങ്ങളിലെ 2803 ചരക്കുകപ്പലുകളാണ് അൽ റുവൈസ്, ദോഹ, ഹമദ് തുറമുഖങ്ങളിലായി എത്തിയത്.
ഖത്തറിനെ പ്രമുഖ പ്രാദേശിക വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുസൃതമായി ഷിപ്പിങ്, ലോജിസ്റ്റിക്സ് മേഖലയിലെ പ്രധാന ഹബുകളിലൊന്നായി മാറാൻ സാധിച്ചതായും മവാനി ഖത്തർ പറഞ്ഞു. ഖത്തരി സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ വലിയ പങ്കുവഹിക്കാനും ഇതുവഴി കഴിഞ്ഞു.
14,55,631 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വാലന്റ് യൂനിറ്റ്) കണ്ടെയ്നറുകൾ 2024 ജനുവരി - ഡിസംബർ മാസങ്ങൾക്കിടയിൽ മൂന്ന് തുറമുഖങ്ങളിലായി കൈകാര്യം ചെയ്തു. ഇതോടൊപ്പം 16,63,314 ടൺ ജനറൽ -ബൾക്ക് ചരക്ക്, 5,43,713 കന്നുകാലികൾ, 2,47,543 ടൺ കെട്ടിട നിർമാണ സാമഗ്രികൾ, 1,30,684 യൂനിറ്റ് വാഹനങ്ങൾ എന്നിവയും ഇക്കാലയളവിൽ തുറമുഖത്തെത്തി.
ജനുവരി മുതൽ ഒക്ടോബർ വരെ ട്രാൻസിറ്റ് ഷിപ്മെന്റ് രംഗത്ത് 29 ശതമാനം വർധന രേഖപ്പെടുത്തിയതിനാൽ ഖത്തറിലെയും ലോകത്തെയും സമുദ്ര വ്യാപാര നീക്കം വർധിപ്പിക്കുന്നതിന് സംഭാവന നൽകാൻ മവാനി ഖത്തറിനായിട്ടുണ്ട്.
കണ്ടെയ്നർ നീക്കത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനമാണ് വർധന. റോറോ നീക്കത്തിൽ 62 ശതമാനവും, കന്നുകാലി നീക്കങ്ങളിൽ 22 ശതമാനവും വർധനയുണ്ടായതായി മവാനി ഖത്തറിന്റെ വാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. സുരക്ഷ, സുസ്ഥിരത, പ്രാദേശിക -അന്തർദേശീയ പങ്കാളികളുമായുള്ള സഹകരണം ശക്തമാക്കൽ, ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കൽ തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ വർഷം മവാനി ഖത്തറിന് നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.