ഗതാഗത മന്ത്രാലയ സേവനത്തിന് ഖത്തർ പോസ്റ്റ്
text_fieldsദോഹ: ഗതാഗത മന്ത്രാലയത്തിന്റെ കര, സമുദ്ര ഗതാഗത ഡിജിറ്റൽ ഗുണഭോക്താക്കൾക്ക് തപാൽ സേവനങ്ങളുടെ സവിശേഷ പാക്കേജ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട സഹകരണ കരാറിൽ മന്ത്രാലയവും ഖത്തർ പോസ്റ്റൽ സർവിസ് കമ്പനിയും (ഖത്തർ പോസ്റ്റ്) ഒപ്പുവെച്ചു.
കരാർ പ്രകാരം ഉന്നത ഉപഭോക്താക്കൾക്ക് ഖത്തർ പോസ്റ്റ് തപാൽ മുറിയും തപാൽ ശൃംഖലാ സേവനങ്ങളും ഡെലിവറി സേവനങ്ങളും ലഭ്യമാക്കും. ഗതാഗത മന്ത്രാലയത്തിന്റെ ഗുണഭോക്താക്കൾക്ക് കാര്യക്ഷമവും വിശ്വസനീയവുമായ തപാൽ സേവനങ്ങളാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ ഇടപാടുകൾ സാധ്യമാക്കുന്നതിനും, നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും കരാർ പ്രോത്സാഹിപ്പിക്കുന്നു.
മന്ത്രാലയത്തിൽനടന്ന ചടങ്ങിൽ ഗതാഗത മന്ത്രിയുടെ ഉപദേഷ്ടാവ് ഹസൻ അൽ ഹൈലും ഖത്തർ പോസ്റ്റ് സി.ഒ.ഒ ഹമദ് മുഹമ്മദ് അൽ ഫാഹിദയും ഒപ്പുവെച്ചു.ഖത്തർ പോസ്റ്റുമായുള്ള സഹകരണം പൊതുജനങ്ങൾക്ക് അവരുടെ ഗതാഗത മന്ത്രാലയം സംബന്ധമായ സേവനങ്ങൾ എളുപ്പത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സഹായിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുമെന്നും, അത് മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവന സംവിധാനത്തെ കൂടുതൽ പരിപോഷിപ്പിക്കുമെന്നും അൽ ഹൈൽ പറഞ്ഞു.
ഗതാഗത മന്ത്രാലയത്തിന്റെ ഉപഭോക്താക്കൾക്ക് വിപുലമായതും കാര്യക്ഷമവുമായ ഡിജിറ്റൽ തപാൽ സേവനങ്ങൾ നൽകിക്കൊണ്ട് ഉപഭോക്തൃ അനുഭവം വർധിപ്പിക്കാൻ മന്ത്രാലയവുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഖത്തർ പോസ്റ്റ് സി.ഒ.ഒ അൽ ഫാഹിദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.