ബാസ്കറ്റ്ബാൾ ലോകകപ്പിന് ഖത്തർ സജ്ജം -ഒളിമ്പിക് കമ്മിറ്റി
text_fieldsദോഹ: 2027ലെ ഫിബ ബാസ്കറ്റ്ബാൾ ലോകകപ്പിന് വേദിയൊരുക്കാൻ ഖത്തർ എല്ലാ അർഥത്തിലും സജ്ജമാണെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുഐനാൻ. വെള്ളിയാഴ്ച ഫിലിപ്പീൻസിലെ മനിലയിൽ നടന്ന അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ ഫെഡറേഷൻ (ഫിബ) സെൻട്രൽ ബോർഡ് യോഗത്തിൽ ഖത്തറിന് ലോകകപ്പ് ആതിഥേയത്വം അനുവദിച്ചതു സംബന്ധിച്ച് രാജ്യത്തിന്റെ തയാറെടുപ്പുകളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഏറ്റവും മികച്ചതും ചരിത്രത്തിലെ തന്നെ വേറിട്ടതുമായ ബാസ്കറ്റ്ബാൾ ലോകകപ്പ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ഖത്തർ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘മേഖലയിൽ തന്നെ ആദ്യമായി ഈ ടൂർണമെന്റിന് ആതിഥ്യമൊരുക്കാൻ ഖത്തറിനെ തിരഞ്ഞെടുത്തതിൽ ഏറെ അഭിമാനമുണ്ട്. ഖത്തറിന്റെ കായിക മേഖലയോടുള്ള സമർപ്പണത്തിന്റെ അംഗീകാരം കൂടിയാണിത്. വേദിക്കായുള്ള ‘ബിഡി’ൽ വിജയിക്കാൻ കഴിഞ്ഞുവെന്നത് വലിയ മേളകൾ വിജയകരമായി സംഘടിപ്പിക്കാൻ ഖത്തറിന് കഴിയുമെന്ന അന്താരാഷ്ട്ര കായിക സമൂഹത്തിന്റെ വിശ്വാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഖത്തർ 2030 ദേശീയ വിഷൻ ലക്ഷ്യങ്ങളിൽ ഒന്നായ സുസ്ഥിര വികസനം ഉൾക്കൊണ്ടുകൊണ്ട് ലോകകപ്പിന് വേദിയൊരുക്കും’’ -അദ്ദേഹം പറഞ്ഞു.
ഖത്തർ ഭരണനേതൃത്വത്തിനും ബിഡ് നടപടികൾക്കും പിന്നിൽ പ്രവർത്തിച്ചവർക്ക് ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറൽ നന്ദി അറിയിച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെ 2023-2030 പദ്ധതിയുടെ ഭാഗമായി വരുംവർഷങ്ങളിൽ നിരവധി അന്താരാഷ്ട്ര കായിക മേളകൾക്ക് രാജ്യം സാക്ഷ്യംവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിന്റെ കായിക സംഘാടനത്തിൽ വിശ്വാസം അർപ്പിച്ച ‘ഫിബ’ക്ക് നന്ദി അറിയിച്ച ജാസിം ബിൻ റാഷിദ്, ഏറ്റവും മികച്ച ലോകകപ്പായിരിക്കുമെന്നും താരങ്ങൾ, കാണികൾ, അതിഥികൾ ഉൾപ്പെടെ ബാസ്കറ്റ്ബാൾ ലോകത്തിന് അവിസ്മരണീയമായ ടൂർണമെന്റ് സമ്മാനിക്കുമെന്നും അറിയിച്ചു.
ഫുട്ബാൾ പോലെ തന്നെ ബാസ്കറ്റ്ബാളിലും ഖത്തറിന് ഏറെ വർഷത്തെ പാരമ്പര്യമുണ്ട്. 1964ലായിരുന്നു ഖത്തരി ബാസ്കറ്റ്ബാൾ ഫെഡറേഷൻ ആരംഭിച്ചത്. 1973ൽ അന്താരാഷ്ട്ര ബോഡിയിൽ അംഗത്വമെടുത്തു. തൊട്ടടുത്ത ഏതാനും വർഷത്തിനുള്ളിൽ അറബ് ബാസ്കറ്റ്ബാൾ കോൺഫെഡറേഷനിലും ഏഷ്യൻ ബാസ്കറ്റ്ബാൾ കോൺഫെഡറേഷനിലും ഭാഗമായി.
1988 അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിലൂടെയാണ് അന്താരാഷ്ട്ര വേദിയിലെ ആദ്യ പങ്കാളിത്തം. 2003, 2005 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനക്കാരായി. 2005ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ആതിഥേയരുമായിരുന്നു. 2006 ലോകകപ്പിൽ യോഗ്യത നേടിയ ഖത്തർ 21ാം സ്ഥാനക്കാരായിരുന്നു. 2006 ഏഷ്യൻ ഗെയിംസിൽ റണ്ണേഴ്സ് അപ്പായി. 2011ൽ അറബ് നാഷൻസ് ചാമ്പ്യൻഷിപ്, പാൻ അറബ് ഗെയിംസ് എന്നിവയിൽ ചാമ്പ്യന്മാരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.