‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ വിമാനം നാളെ പുറപ്പെടും
text_fieldsദോഹ: ഗൾഫ്മാധ്യമവും മീഡിയാവണ്ണും ഒരുക്കിയ ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ പദ്ധതിക്ക് കീഴിലുള്ള ചാർട്ടേഡ് വിമാനം ശനിയാഴ്ച പുറെപ്പടും. രാവിലെ 9.30ന് ദോഹവിമാനത്താവളത്തിൽ നിന്ന് പറക്കുന്ന ഇൻഡിഗോ വിമാനത്തിൽ 169 യാത്രക്കാരാണുണ്ടാവുക. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ് ആണ് ഔദ്യോഗിക നടപടികൾക്ക് സഹായിച്ചത്. യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള മറ്റ് വിവരങ്ങൾ അതത് വാട്സ്ആപ് ഗ്രൂപ്പുകൾ വഴി അറിയിക്കും. യാത്രക്കാരെ ഉൾപ്പെടുത്തിയുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകൾ നേരത്തേ തയാറാക്കിയിരുന്നു.
കോവിഡ് തീർത്ത പ്രതിസന്ധിയിൽ ഗൾഫിൽ പിടിച്ചുനിൽക്കാനാകാതെ ദുരിതത്തിലായി നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന് പണമില്ലെന്ന കാരണത്താൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായാണ് ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി രൂപവത്കരിച്ചത്. പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. ഖത്തറിലെ വിവിധ വ്യവസായ സംരംഭകർ പദ്ധതിയിലേക്ക് സൗജന്യവിമാനടിക്കറ്റുകൾ സംഭാവന നൽകി. വിവിധ കൂട്ടായ്മകളും സംഘടനകളും പദ്ധതിയുമായി സഹകരിച്ചു.
കുഞ്ഞുങ്ങൾ അവരുടെ കൊച്ചുകൊച്ചുസമ്പാദ്യങ്ങൾ കൂട്ടിവച്ച് പദ്ധതിക്കായി ആവുന്ന സാമ്പത്തിക സഹായം നൽകി. ഇതിനകം ആകെ 152 പേരെയാണ് പദ്ധതിയിൽ സൗജന്യമായി നാട്ടിലെത്തിച്ചത്. വന്ദേഭാരത് വിമാനങ്ങളിൽ 97 പേരെ സൗജന്യമായി നാട്ടിലെത്തിച്ചപ്പോൾ വിവിധ ചാർട്ടേഡ് വിമാനങ്ങളിലായി 55 പേരെയും നാട്ടിലെത്തിക്കാനായി. വിങ്സ് ഓഫ് കംപാഷൻെറ ജൂലൈ നാലിന് പോകുന്ന ചാർട്ടേഡ് വിമാനത്തിൽ 169 പേരെയും നാട്ടിലെത്തിക്കുന്നതോടെ പദ്ധതിക്ക് കീഴിൽ നാട്ടിലെത്തുന്നവരുടെ എണ്ണം 321 ആകും. എല്ലാ ജി.സി.സി രാജ്യങ്ങളിലും പദ്ധതിക്ക് കീഴിൽ ഇത്തരത്തിൽ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നുണ്ട്.
കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവർക്കാണ് വിമാനടിക്കറ്റുകൾ നൽകുന്നത്. പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് സൂക്ഷ്മപരിശോധനയിലൂടെയാണ് സൗജന്യടിക്കറ്റിന് അർഹരായവരെ തെരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.