അംബാസഡർ പി. കുമരന് ഇന്ത്യൻ സമൂഹത്തിെൻറ യാത്രയയപ്പ്
text_fieldsദോഹ: ഖത്തറിലെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ പി. കുമരന് ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾ ഓൺലൈൻ യാത്രയയപ്പ് നൽകി. ഇന്ത്യൻ എംബസിക്ക് കീഴിലുള്ള വിവിധ സംഘടന പ്രതിനിധികളുൾപ്പെടെ അഞ്ഞൂറോളം കമ്യൂണിറ്റി അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ഖത്തറിൽനിന്ന് മടങ്ങുന്ന പി. കുമരൻ സിംഗപ്പൂരിലെ അടുത്ത ഇന്ത്യൻ ഹൈകമീഷണറായി സ്ഥാനമേറ്റെടുക്കും. ഭാവി ചുമതലകളിൽ വിജയാശംസകൾ നേരുന്നതായി ചടങ്ങിൽ സംസാരിച്ചവർ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിനായി അദ്ദേഹത്തിെൻറ സേവനങ്ങളും ഖത്തർ-ഇന്ത്യ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിെൻറ സംഭാവനകളും ഇടപെടലുകളും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഖത്തറിലെ ഇന്ത്യൻ സാംസ്കാരിക പരിപാടികളെ ഉയർത്തിക്കൊണ്ടുവരുന്നതിലും ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷം 2019ലും അദ്ദേഹത്തിെൻറ പങ്ക് നിസ്തുലമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ സമൂഹത്തിൽനിന്നുള്ള അർഹരായവരുടെ ദൈന്യതകൾ പരിഹരിക്കുന്നതിലും വിവിധ തലങ്ങളിലെ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പി. കുമരൻ വലിയ പങ്കുവഹിച്ചുവെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. കോവിഡ്-19 പശ്ചാത്തലത്തിൽ ഇന്ത്യൻ സമൂഹത്തിനുള്ള അദ്ദേഹത്തിെൻറ സഹായവും സേവനങ്ങളും അനുസ്മരിച്ച അംഗങ്ങൾ, പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തുന്നതിൽ അദ്ദേഹത്തിെൻറ കഠിന പ്രയത്നങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞു.
ഖത്തർ എന്നത് ജീവിതത്തിലെ മികച്ച അനുഭവമായിരുന്നുവെന്നും ഇന്ത്യൻ സമൂഹം എന്നും ഒറ്റക്കെട്ടായി നിലനിൽക്കണമെന്നും ഇന്ത്യയുടെയും ഖത്തറിെൻറയും പുരോഗതിയും വളർച്ചയും ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും മറുപടി പ്രസംഗത്തിൽ പി. കുമരൻ പറഞ്ഞു. വലിയൊരു സമൂഹമെന്ന നിലയിൽ ഭിന്നതകൾക്കിടയിലും നമ്മൾ ഐക്യത്തോടെ ഒറ്റക്കെട്ടായി നിൽക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിനും ഇന്ത്യക്കുമിടയിലുള്ള വ്യാപാര വ്യാപ്തി വർധിപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ എംബസിക്ക് മൂന്ന് അപക്സ് ബോഡികളാണുണ്ടായിരുന്നതെങ്കിൽ ഇന്ന് അത് നാലായി വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പുതിയ എംബസി കെട്ടിടത്തിന് ശ്രമിച്ചിരുന്നുവെന്നും എന്നാൽ നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ്-19 പശ്ചാത്തലത്തിൽ 30,000ത്തിലധികം ഇന്ത്യൻ പ്രവാസികൾ നാടണഞ്ഞുവെന്നും ഇക്കാലയളവിൽ മുപ്പതിനായിരത്തോളം ഇന്ത്യക്കാർക്ക് സഹായം നൽകാനായെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.