24 മണിക്കൂറിൽ നടക്കുന്നത് 1200 കോവിഡ് പരിശോധന
text_fieldsദോഹ: കോവിഡ് -19 ബാധ കണ്ടെത്തുന്നതിന് ഖത്തർ ഉപയോഗിക്കുന്നത് റോഷ് കൊബാസ് 6800 സിസ്റ്റം. 24 മണിക്കൂറിനുള്ളിൽ 1200 കോവിഡ് -19 പരിശോധനകൾ നടത്താൻ ഇതിലൂടെ സാധിക്കുന്നു. ജർമനിയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ജിഹാം അൽ കുവാരിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. ഖത്തറിെൻറ കോവിഡ് -19നെതിരായ ശ്രമങ്ങൾ വലിയ വിജയം കണ്ടിരിക്കുകയാണ്. 2022ലെ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായി ലോകമെമ്പാടുമുള്ള ഫുട്ബാൾ േപ്രമികളെ സ്വാഗതം ചെയ്യുന്നതിലേക്കാണ് ഖത്തർ ഇനി ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19നെതിരായ ഖത്തറിെൻറ പ്രതികരണം വളരെ വേഗത്തിലായിരുന്നു. ഇതിെൻറ പ്രത്യാഘാതങ്ങൾ വളരെ നേരത്തേതന്നെ രാജ്യം തിരിച്ചറിഞ്ഞിരുന്നു.
പ്രതിസന്ധികളെ നേരിടുന്നതിൽ ഖത്തറിന് വിജയിക്കാൻ സാധിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് കോവിഡ് -19നെ പ്രതിരോധിക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഖത്തർ നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങൾക്കായി ഹോട്ട്ലൈനുകളും രോഗികളെ പാർപ്പിക്കുന്നതിനായി 14,000ത്തിലധികം ആശുപത്രി ബെഡുകളും സ്ഥാപിച്ചു. എല്ലാവർക്കും സുരക്ഷാ കവചങ്ങളും കിറ്റുകളും ലഭ്യമാണെന്ന് ഉറപ്പുവരുത്തി. ആവശ്യം കണക്കിലെടുത്ത് ആരോഗ്യസാമഗ്രികൾ കൂടുതൽ ഉൽപാദിപ്പിക്കുന്നതിനായി പുതിയ വ്യവസായ ശാലകൾ നിർമിച്ചു. ഖത്തറിനെതിരായ ഉപരോധത്തിന് ശേഷം സ്വയം പര്യാപ്ത സമ്പദ് വ്യവസ്ഥയായി ഖത്തർ മാറിയെന്നും നിലവിലെ ഏറ്റവും ഗുരുതര സാഹചര്യങ്ങളെ പോലും നേരിടുന്നതിൽ ഖത്തർ വിജയം വരിച്ചുവെന്നും ജർമനിയിലെ ഖത്തർ സ്ഥാനപതി പറഞ്ഞു.
നിയർ ആൻഡ് മിഡിലീസ്റ്റ് അസോസിയഷൻ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് അൽ കുവാരി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് -19നെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ 70,000ത്തിലധികം ജർമൻ പൗരന്മാരെ ഖത്തർ എയർവേസ് വഴി സ്വദേശത്തെത്തിക്കാൻ ഖത്തർ- ജർമൻ സഹകരണത്തിലൂടെ സാധ്യമായി. ഇറ്റലി, തുനീഷ്യ, ഇറാൻ, ലബനാൻ, നേപ്പാൾ തുടങ്ങി 22ലധികം രാജ്യങ്ങളിലേക്ക് ഖത്തർ അടിയന്തര മെഡിക്കൽ സഹായം എത്തിച്ചു. കോവിഡ് -19നെതിരായ അന്താരാഷ്ട്ര പോരാട്ടത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഖത്തറും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും സാമ്പത്തികമേഖലയിൽ ജർമനിയുമായി പ്രത്യേക സഹകരണം ഖത്തർ മുന്നോട്ടുവെക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.