മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ചു; 33 കമ്പനികൾക്കെതിരെ നടപടി
text_fieldsദോഹ: രാജ്യത്ത് മധ്യാഹ്ന വിശ്രമ നിയമം ലംഘിച്ച 33 കമ്പനികളുടെ തൊഴിലിടങ്ങൾ ഭരണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം അടച്ചു പൂട്ടി.
ജൂലൈ 5 മുതൽ ജൂലൈ 16 വരെ തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. 2007ലെ 16ാം നമ്പർ മന്ത്രാലയ തീരുമാന പ്രകാരമാണ് കൊടും വേനലിൽ നിശ്ചിത സമയം തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്.
പരിശോധനയിൽ നിയമലംഘനം നടത്തിയ 33 കമ്പനികളുടെ തൊഴിലിടങ്ങൾ മൂന്ന് ദിവസത്തേക്കാണ് മന്ത്രാലയം അടച്ചു പൂട്ടിയത്. അൽ വക്റ, റൗദത് അൽ ഹമാമ, അൽ ഖർതിയ്യാത്, ലുസൈൽ, ഉം അൽ സനീം, അൽ ഖീസ, തുമാമ, അൽഖോർ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ തൊഴിലിടങ്ങളാണ് മന്ത്രാലയം അടച്ചു പൂട്ടിയത്.
മന്ത്രാലയത്തിെൻറ നിയമ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത നിയമ നടപടി നേരിടേണ്ടി വരുമെന്നും ഒരു മാസം വരെ തൊഴിലിടങ്ങൾ അടച്ചു പൂട്ടുമെന്നും തൊഴിൽ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ്അതേസമയം, ജൂൺ 15 മുതൽ ജൂലൈ 16 വരെയുള്ള കാലയളവിലെ പരിശോധനയിൽ 173 കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ 15 മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11.30 മുതൽ ഉച്ച തിരിഞ്ഞ് 3.00 വരെയാണ് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവിൽ തുറസ്സായ പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം അഞ്ച് മണിക്കൂറിൽ അധികമാകരുതെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.