വരുന്നു, മൂന്നു പാർക്കുകൾകൂടി
text_fieldsദോഹ: മുൻതസ പാർക്ക് (റൗദത് അൽ ഖൈൽ പാർക്ക്), അൽ ഗറാഫ പാർക്ക്, ഉം അൽ സനീം പാർക്ക് എന്നിവ അടുത്ത വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് മൂന്നു പാർക്കുകളുടെ നിർമാണം ആരംഭിച്ചത്. പൊതുജനങ്ങൾക്ക് കുടുംബത്തോടൊപ്പം ഒഴിവുവേള ആനന്ദകരമാക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിെൻറ ഭാഗമായാണ് പുതിയ പാർക്കുകൾ. റൗദത് അൽ ഖൈൽ പാർക്ക് എന്നാണ് ഔദ്യോഗിക നാമമെങ്കിലും പൊതുജനങ്ങൾക്കിടയിൽ മുൻതസ പാർക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്.
സി റിങ് റോഡിലെ മുൻതസ പാർക്ക് 1,40,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 1,05,000 ചതുരശ്രമീറ്ററിലെ ഹരിതാഭ മേഖലയും 1250 മരങ്ങളും 1300 മീറ്റർ നടപ്പാതയും സൈക്കിൾപാതയും കൂടാതെ 401 കാർ പാർക്കിങ്ങും പാർക്കിലുൾപ്പെടും.
ഹൈർ അൽ സഹ്റ സ്ട്രീറ്റിലും വഅബ് ലെബാർഗ് സ്ട്രീറ്റിലുമായി സ്ഥിതിചെയ്യുന്ന ഉം അൽ സനീം പാർക്കിെൻറ വിസ് തൃതി 1,30,000 ചതുരശ്രമീറ്ററാണ്. 1,02,000 ഹരിതാഭ മേഖലയും 740 മരങ്ങളും 1200 മീറ്റർ കാൽനട, സൈക്കിൾപാതയും 378 കാർ പാർക്കിങ്ങും ഇവിടെ സ്ഥാപിക്കുന്നുണ്ട്. ഗറാഫയിലെ ഉം അൽ സുബെർ സ്ട്രീറ്റിൽ 50,000 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള അൽ ഗറാഫ പാർക്കിൽ 36,000 ചതുരശ്രമീറ്ററിലാണ് ഹരിതാഭ മേഖല നിർമിക്കുന്നത്. കൂടാതെ 307 മരങ്ങളും 650 മീറ്റർ സൈക്കിൾ, നടപ്പാതയും 208 കാർ പാർക്കിങ്ങും ഇവിടെയുണ്ടാകും.
ഹരിതാഭ മേഖലക്കായി പാർക്കുകളിലെ നിരവധി ഭാഗം മാറ്റിവെച്ചതിനാൽ സന്ദർശകർ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ പാർക്കിലും കുട്ടികൾക്കായി രണ്ടു വീതം കളിസ്ഥലങ്ങളും നിർമിക്കുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക സംവിധാനങ്ങളും പാർക്കിൽ സജ്ജമാക്കുന്നുണ്ട്. ഗ്രീൻ ബിൽഡിങ് സ്റ്റാൻഡേഡ് പ്രകാരം പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടാണ് നിർമാണം പുരോഗമിക്കുന്നത്. ഗാഫ്, സമർ, സിദ്റ തുടങ്ങിയ ഖത്തറിെൻറ സ്വന്തം വൃക്ഷങ്ങൾ ഉൾപ്പെടുത്തിയാണ് പാർക്കിലെ ഹരിതാഭ മേഖല വികസിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.