വിശ്വമേളയുടെ ആദ്യപോരിലേക്ക് കണ്ണുംനട്ട് സാഞ്ചസ്
text_fieldsദോഹ: 2022 ലോകകപ്പിെൻറ മത്സരക്രമങ്ങളും സ്റ്റേഡിയങ്ങളും ഫിഫ പുറത്തുവിട്ടിരിക്കെ, ആതിഥേയരെന്ന നിലയിൽ അൽ ബെയ്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ഖത്തർ ദേശീയ പരിശീലകൻ ഫെലിക്സ് ബാസ് സാഞ്ചസ്. ഉദ്ഘാടന മത്സരത്തിനായി 60,000 പേർക്കിരിക്കാവുന്ന അൽ ബെയ്ത് സ്റ്റേഡിയത്തെയാണ് ഫിഫ തിരഞ്ഞെടുത്തിരിക്കുന്നത്. അൽ ബെയ്ത് സ്റ്റേഡിയത്തിലെ പ്രഥമ മത്സരം തന്നെ ടീമിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രചോദനമായിരിക്കുമെന്ന് ഇതിനോടകം പരിശീലകൻ സാഞ്ചസ് പ്രതികരിച്ച് കഴിഞ്ഞു. ഉദ്ഘാടന മത്സരവും ബാക്കി മത്സരങ്ങളുമെല്ലാം അത്ര വിദൂരത്തല്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നതെന്നും സാഞ്ചസ് പറഞ്ഞു.
മത്സരത്തിനായി സജ്ജരാകാനും മികച്ച പ്രകടനം കാഴ്ചവെക്കാനുമുള്ള ആഹ്വാനവും പ്രചോദനവും കൂടിയാണ് ഫിഫയുടെ പ്രഖ്യാപനം. മത്സരദിവസവും സമയവും സ്റ്റേഡിയവും നമുക്ക് മുന്നിൽ തെളിഞ്ഞിരിക്കുകയാണ്. എ.എഫ്.സിയുടെ ചരിത്രത്തിലെ മികച്ച പരിശീലകരുടെ അന്തിമ പട്ടികയിലിടം നേടിയതിന് തൊട്ടുപിന്നാലെ നടത്തിയ പ്രസ്താവനയിലാണ് സാഞ്ചസ് ലോകകപ്പ് മത്സരങ്ങളെ കുറിച്ച് മനസ്സ് തുറന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് ഖത്തർ ടീമിനെ ഏഷ്യൻ കപ്പിൽ കന്നിക്കിരീടത്തിലേക്ക് നയിച്ചതിൽ സാഞ്ചസ് നിർണായ പങ്കാണ് വഹിച്ചത്. ഇതിനാലാണ് അദ്ദേഹം എ.എഫ്.സി ചരിത്രത്തിലെ മികച്ച പരിശീലകനെ പ്രഖ്യാപിക്കുന്നതിനുള്ള അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബ്രസീൽ വമ്പൻമാരായ സീക്കോയും കാർലോസ് ആൽബർട്ടോ പെരേരയും അന്തിമ പട്ടികയിലുണ്ട്. 2019 ജനുവരിയിൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ ഏഴിൽ ഏഴ് മത്സരവും ജയിച്ചാണ് ഖത്തർ കിരീടമുയർത്തിയത്. 19 തവണ എതിർവല കുലുക്കിയപ്പോൾ ഒരു തവണ മാത്രമാണ് ഖത്തർ ഗോൾ വഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.