കമ്പനികൾക്ക് കോർപറേറ്റ് പാസുമായി ഖത്തർ റെയിൽ
text_fieldsദോഹ: രാജ്യത്തെ പ്രധാന പൊതുഗതാഗത സംവിധാനങ്ങളായ ദോഹ മെട്രോയിലും ട്രാം സർവിസിലും കോർപറേറ്റ് ജീവനക്കാർക്ക് യാത്രപാസ് ലഭ്യമാക്കി ഖത്തർ റെയിൽ. നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം കുറക്കുകയും അതുവഴി സുസ്ഥിര യാത്രാപദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കോർപറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒരുവർഷത്തെ യാത്ര പാസ് നടപ്പാക്കുന്നത്. കോർപറേറ്റ് മേഖലയുമായി അടുത്ത സഹകരണം വളർത്തിയെടുക്കുന്നതിനുള്ള സംരംഭങ്ങളുടെ ഭാഗമായി ദോഹ മെട്രോ, ലുസൈൽ ട്രാം ഉപയോഗപ്പെടുത്തി കോർപറേറ്റ് ജീവനക്കാർക്ക് മിതമായ നിരക്കിൽ സമഗ്രമായ യാത്രയും സേവനങ്ങളും നൽകുന്ന വാർഷിക യാത്ര പാസാണ് ഖത്തർ റെയിൽ മുന്നോട്ടുവെക്കുന്നത്.
മെട്രോ, ട്രാം സംവിധാനങ്ങളിലൂടെ യാത്ര ചെയ്യുന്ന ജീവനക്കാർക്കുവേണ്ടി മാത്രം എക്സ്ക്ലൂസിവ് യാത്രാനിരക്കുകളും ആനുകൂല്യങ്ങളുമാണ് പ്രോഗ്രാമിലൂടെ നൽകുകയെന്ന് ഖത്തർ റെയിൽ സെയിൽസ് വിഭാഗം ആക്ടിങ് മാനേജർ മുഹമ്മദ് അഹ്മദ് അൽ ജെയ്ദ പ്രാദേശിക ദിനപത്രമായ ‘ഗൾഫ് ടൈംസി’നോട് പറഞ്ഞു.
നൂറോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾക്കാണ് വാർഷിക യാത്ര പാസ് ആനുകൂല്യങ്ങൾ നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത.
ജീവനക്കാർക്ക് സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ ഗതാഗത സേവനങ്ങൾ നൽകുന്നത് കമ്പനികൾക്ക് എളുപ്പമായ കാര്യമല്ലെന്നും ഇവിടെയാണ് കോർപറേറ്റുകൾക്ക് അവരുടെ ജീവനക്കാരുടെ യാത്രക്കായി അനുയോജ്യമായ ഒരു പരിഹാര പദ്ധതിയുമായി ഖത്തർ റെയിൽ രംഗത്തു വന്നിരിക്കുന്നതെന്നും അൽ ജെയ്ദ വിശദീകരിച്ചു.
പ്രധാന വ്യവസായ പ്രമുഖരും സ്ഥാപനങ്ങളും ഖത്തർ റെയിലിന്റെ യാത്ര ശൃംഖലകൾ പ്രയോജനപ്പെടുത്തുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്. അതോടൊപ്പം അവരുടെ കൂടുതൽ ജീവനക്കാരിലേക്കുകൂടി സേവനം വിപുലീകരിക്കാനും ആളുകളുടെ യാത്രാരീതിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഓയിൽ ആൻഡ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി, വിനോദം, ഫാർമസ്യൂട്ടിക്കൽ മേഖലകൾ ഉൾപ്പെടുന്ന പ്രമുഖ സ്ഥാപനങ്ങൾ ഈ പദ്ധതിയെ സ്വീകരിക്കുകയും അതിന്റെ സേവനങ്ങളിൽനിന്ന് പ്രയോജനം നേടുകയും ചെയ്തുവെന്ന് അൽ ജെയ്ദ ചൂണ്ടിക്കാട്ടി.
നിലവിൽ രണ്ടായിരത്തിലധികം ജീവനക്കാരാണ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കൾ. ഇതിൽ ചേരുന്നതിന് കൂടുതൽ പ്രധാന സ്ഥാപനങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോർപറേറ്റ് പാസ്
കോർപറേറ്റ് വാർഷിക പാസ് പ്രോഗ്രാം വഴി വർഷത്തിൽ 365 ദിവസവും ദോഹ മെട്രോ, ലുസൈൽ ട്രാം ശൃംഖലയിൽ പരിധിയില്ലാതെ യാത്രചെയ്യാം. കൂടാതെ മെട്രോ എക്സ്പ്രസ്, മെട്രോലിങ്ക് എന്നിവയുടെ സേവനവും ലഭ്യമായിരിക്കും. പ്രോഗ്രാമിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ sales@qr.com.qa എന്ന ഇ-മെയിൽ വിലാസത്തിലോ അല്ലെങ്കിൽ 44331827 എന്ന നമ്പറിലോ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.