ബൂസ്റ്റർ ഡോസിനൊരുങ്ങി ഖത്തർ
text_fieldsദോഹ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക ചുവടുവെപ്പുമായി ഖത്തർ ബൂസ്റ്റർ ഡോസുകളിലേക്ക്. ലോകത്ത് വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ മന്ദഗതിയിൽ മുന്നോട്ടുപോവുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഖത്തർ ആരോഗ്യ മന്ത്രാലയം ബൂസ്റ്റർ ഡോസ് പ്രഖ്യാപിച്ചത്.
ബുധനാഴ്ച മുതൽ വാക്സിനേഷൻ നടപടികൾ തുടങ്ങുമെന്നാണ് അറിയിപ്പ്. കോവിഡ് വൈറസിനെതിരെ കൂടുതൽ പ്രതിരോധശേഷി ആർജിക്കുന്നതിെൻറ ഭാഗമായാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.
ഡിസംബറിൽ ആരംഭിച്ച കോവിഡ് വാക്സിനേഷൻ കാമ്പയിനിലെ നിർണായക ഘട്ടത്തിലേക്കാണ് ഖത്തർ ബുധനാഴ്ച കാൽവെക്കുന്നത്. നേരത്തെ കോവിഡ് വാക്സിനേഷൻ ആരംഭിച്ചത് പോലെ ഹൈറിസ്ക് വിഭാഗങ്ങളിലൂടെയാണ് ബൂസ്റ്റർ ഡോസിൻെറയും നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ 65 വയസ്സ് പിന്നിട്ടവർ, ഗുരുതര രോഗങ്ങൾ കാരണം പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യ പ്രവർത്തകർ, മറ്റ് കോവിഡ് വിരുദ്ധ പ്രവർത്തകർ എന്നിവർക്കാണ് വാക്സിനേഷന് മുൻഗണന.
ബൂസ്റ്റർ ഡോസ്
ലഭിക്കാൻ?
അർഹതപ്പെട്ട വിഭാഗങ്ങൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് വാക്സിൻ ലഭ്യമാവും. അപ്പോയിൻമെൻറ് സംബന്ധിച്ച് സെൻററിൽനിന്ന് അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം.
അതേസമയം, രണ്ടാം ഡോസിന് ശേഷം എട്ടു മാസം പിന്നിട്ടിട്ടും അപ്പോയിൻമെൻറ് ലഭിച്ചില്ലെങ്കിൽ 4027 7077 നമ്പറിൽ വിളിച്ച് വാക്സിൻ ബുക്കിങ് എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആർക്കൊക്കെ?
നാലു വിഭാഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസിന് അനുവാദം നൽകുന്നത്. 65 വയസ്സ് പിന്നിട്ടവരാണ് ആദ്യവിഭാഗം. ഇവർക്ക് രോഗപ്രതിരോധ ശേഷി താരതമ്യേനെ കുറഞ്ഞതിനാൽ രണ്ടാം ഡോസിൻെറ കാലവധി കഴിയുന്ന മുറക്ക് ബൂസ്റ്റർ ഡോസ് സ്വീകരിച്ച് പ്രതിരോധം നിലനിർത്താം.
മാറാരോഗങ്ങൾ കാരണം പ്രതിരോധശേഷി കുറഞ്ഞവരാണ് മറ്റൊരുവിഭാഗം. ഇത്തരത്തിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ രണ്ടാഴ്ച മുമ്പുതന്നെ ആരോഗ്യമന്ത്രാലയം അനുവാദം നൽകിയിരുന്നു.
മാറാരോഗങ്ങൾക്കുള്ള ചികിത്സ തുടരവെ പ്രതിരോധശേഷി കുറയുന്നതിനാൽ ഇവർക്ക് കോവിഡ് ബാധിച്ചാൽ രോഗം തീവ്രമായേക്കാമെന്നാണ് ആശങ്ക.
അർബുദബാധിതരായി ചികിത്സയിൽ കഴിയുന്നവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, രണ്ടു വർഷത്തിനുള്ളിൽ മൂലകോശമാറ്റ ശസ്ത്രക്രിയക്ക് വിധേയരാവുകയും രോഗപ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നവർ, കിഡ്നി രോഗം ഗുരുതമരായി ചികിത്സയിൽ കഴിയുന്നവർ എന്നിവർ ഉൾപ്പെടുന്ന വിഭാഗത്തിൻെറ പട്ടിക നേരത്തെ മന്ത്രാലയം പുറത്തു വിട്ടിരുന്നു.
ആരോഗ്യപ്രവർത്തകരും കോവിഡിനെതിരെ പൊരുതുന്ന മറ്റ് വിഭാഗങ്ങളുമാണ് മൂന്നാം ഗണത്തിൽപെടുന്നത്. ഡോക്ടർമാർ, നഴ്സുമാർ എന്നിവർ കോവിഡ് വാക്സിൻെറ ആദ്യ ഡോസും പ്രാരംഭ ഘട്ടത്തിൽതന്നെ സ്വീകരിച്ചിരുന്നു.
അർഹരായവർ എത്രയുംവേഗം വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും പി.എച്ച്.സി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയാ അൽ അബ്ദുല്ല അറിയിച്ചു.
എപ്പോൾ വാക്സിൻ സ്വീകരിക്കാം?
നിശ്ചിതവിഭാഗത്തിൽ പെടുന്നവർ രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം പൂർത്തിയായശേഷം ബൂസ്റ്റർ ഡോസിന് അർഹരാവും. എന്നാൽ, ഇവർ 12 മാസം തികയുന്നതിന് മുമ്പായി ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കണം. ഫൈസർ, മൊഡേണ വാക്സിനുകൾ സ്വീകരിച്ചവർക്കാണ് അതേ വാക്സിൻെറ മൂന്നാം ഡോസ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.