സുഡാന് ആശ്വാസവുമായി ഖത്തർ
text_fieldsദോഹ: ആഭ്യന്തര യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന സുഡാനിലേക്ക് ഖത്തറിന്റെ മാനുഷിക സഹായങ്ങൾ വർധിപ്പിച്ചു. ഭക്ഷണവും മരുന്നും ഉൾപ്പെടെ ദുരിതാശ്വാസ വസ്തുക്കളെത്തിച്ചും ഖത്തർ റസിഡന്റുമാരായ സുഡാനികളെ ഒഴിപ്പിച്ചും ആഴ്ചകളായി രക്ഷാദൗത്യം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം 35 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ഖത്തർ അമിരി വ്യോമസേന നേതൃത്വത്തിൽ പോർട് ഓഫ് സുഡാനിലെത്തിച്ചത്. ഭക്ഷ്യവസ്തുക്കൾ, മരുന്ന്, ചികിത്സാ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഖത്തർ റെഡ് ക്രസന്റ്, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നേതൃത്വത്തിൽ യുദ്ധത്തിന്റെ തീക്ഷ്ണത നേരിടുന്ന ജനങ്ങൾക്കായി എത്തിച്ചത്.
വിമാനത്തിന്റെ മടക്കയാത്രയിൽ 225 പേരെ ദോഹയിലെത്തിക്കുകയും ചെയ്തു. ഖത്തർ റസിഡന്റുകളായവരെയാണ് സുരക്ഷിതമായി എത്തിച്ചത്. ഇതോടെ വിവിധ ഘട്ടങ്ങളിലായി ദോഹയിൽ എത്തിച്ചവരുടെ എണ്ണം 1044 ആയി. സുഡാനിലെ മാനുഷിക സാഹചര്യങ്ങളിൽ അടിയന്തര ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഖത്തർ റെഡ് ക്രെസന്റ് നേരത്തേ ദശലക്ഷം ഡോളർ അനുവദിച്ചിരുന്നു. സുഡാൻ ആരോഗ്യ മന്ത്രാലയം, സുഡാനീസ് റെഡ്ക്രസന്റ് സൊസൈറ്റി എന്നിവരുമായി സഹകരിച്ച് 17,000 കുടുംബങ്ങളിലെ 1,17,000 ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഭക്ഷ്യേതര ദുരിതാശ്വാസ മേഖലക്കു പുറമേ, ആരോഗ്യം, പോഷകാഹാരം, വെള്ളം, ശുചിത്വം, പാർപ്പിടം എന്നീ മേഖലകളിലായി ആറു മാസത്തെ അടിയന്തര പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.