ഫലസ്തീന് ഖത്തർ റെഡ്ക്രസൻറിൻെറ ഒരു മില്യൻ ഡോളർ അടിയന്തര സഹായം
text_fieldsദോഹ: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് പ്രയാസം അനുഭവിക്കുന്ന ഫലസ്തീന് അടിയന്തര സഹായമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി ഒരു മില്യൻ ഡോളർ നൽകും. നിലവിലെ സാഹചര്യത്തിൽ ഫലസ്തീൻ നിവാസികൾക്കാവശ്യമായ മരുന്നുകളും മെഡിക്കൽ ഉൽപന്നങ്ങളും എത്തിക്കുക, ആംബുലൻസുകൾ, ആശുപത്രികളിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, കോവിഡ്–19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനുള്ള വസ്തുക്കൾ, ഭക്ഷ്യ, ഭക്ഷ്യേതര വിഭവങ്ങൾ, ആക്രമണത്തിൽ നാശം സംഭവിച്ച വീടുകളുടെ അറ്റകുറ്റപണികൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് അടിയന്തര സഹായംഅനുവദിച്ചിരിക്കുന്നത്.
സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ആശുപത്രികളിലെയും വിവിധ മേഖലകളിലെയും സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനുമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ പ്രത്യേക സംഘം ഗസ്സയിലും പരിസര പ്രദേശങ്ങളിലും സന്ദർശനം നടത്തി. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങളുടെയും അവശ്യ മരുന്നുകളുടെയും ലഭ്യതക്കുറവ് ഉണ്ട്.
കോവിഡ്–19 പശ്ചാത്തലത്തിൽ ഫലസ്തീനിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. കോവിഡും നിലവിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങളും സാഹചര്യങ്ങൾ മോശമാക്കിയിരിക്കുകയാണെന്നും ഖത്തർ റെഡ്ക്രസൻറ് വ്യക്തമാക്കി. ഫലസ്തീനിലെ ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കുന്നതിനായി അടിയന്തര റിലീഫ് കാമ്പയിൻ ആരംഭിക്കാൻ ഖത്തർ റെഡ്ക്രസൻറ് പദ്ധതിയിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.