അഭയാർഥികൾക്കിടയിൽ ഖത്തർ റെഡ്ക്രസന്റ് മെഡിക്കൽ ഡ്രൈവ്
text_fieldsദോഹ: ഭൂകമ്പം ഉൾപ്പെടെ ദുരന്തങ്ങളെ തുടർന്ന് അഭയാർഥികളായവരിലേക്ക് മരുന്നും ചികിത്സയുമായി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റിയുടെ പ്രത്യേക മെഡിക്കൽ ഡ്രൈവ്. വടക്കൻ സിറിയയിലെ ഇദ്ലിബിലാണ് കുടിയിറക്കപ്പെട്ടവർക്കായി മെഡിക്കൽ കോൺവോയ് സംഘടിപ്പിച്ചത്.
സ്പെഷലൈസ്ഡ് ഹെൽത്ത് കെയർ സേവനങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന മരണനിരക്കും രോഗബാധ കുറക്കുക, പ്രത്യേക ശസ്ത്രക്രിയ ഇടപെടൽ ആവശ്യമുള്ള രോഗികൾക്ക് അടിയന്തര സേവനം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കോൺവോയ് നടത്തിയത്. തുർക്കിയിലെ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി കാര്യാലയം നേതൃത്വത്തിലായിരുന്നു മെഡിക്കൽ സംഘത്തിന്റെ യാത്ര.
ഖത്തറിൽ നിന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെയും സിദ്റ മെഡിസിന്റെയും മെഡിക്കൽ പ്രതിനിധി സംഘവും ഭാഗമായി. 435 രോഗികൾക്ക് നേരിട്ടുള്ള പ്രയോജനം ലഭിച്ചതായും 2175 പേർ പരോക്ഷ ഗുണഭോക്താക്കളായതായും ഖത്തർ റെഡ്ക്രസന്റ് അറിയിച്ചു.
2023 ഫെബ്രുവരിയിൽ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും നാശം വിതച്ച ഭൂകമ്പത്തിനു ശേഷം അടിയന്തര ജീവൻ രക്ഷാ മെഡിക്കൽ റെസ്പോൺസിന്റെ ഭാഗമായാണ് സിറിയയിൽ സ്പെഷലൈസ്ഡ് മെഡിക്കൽ കോൺവോയ്സ് സ്കീം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.