ഖത്തർ റെഡ് ക്രസന്റ്; വളന്റിയർമാരുടെ എണ്ണം ഇരട്ടിയാക്കും
text_fieldsദോഹ: സന്നദ്ധ സേവന വഴിയിൽ കൂടുതൽ പേരെ എത്തിക്കാൻ പദ്ധതികളുമായി ഖത്തർ റെഡ് ക്രസന്റ്. അടുത്ത വർഷത്തോടെ തങ്ങളുടെ വളന്റിയർമാരുടെ എണ്ണം ഇരട്ടിയാക്കാനാണ് ഖത്തർ റെഡ്ക്രസന്റ് പദ്ധതിയിട്ടിരിക്കുന്നത്. 2025 അവസാനത്തോടെ വളന്റിയർമാരുടെ എണ്ണം 31,000 ൽനിന്നും 60,000 ആക്കി ഉയർത്താൻ പ്രവർത്തന പദ്ധതിയുണ്ടെന്ന് ഖത്തർ റെഡ്ക്രസന്റ് വളന്റിയറിങ് ആൻഡ് ലോക്കൽ ഡെവലപ്മെന്റ് വിഭാഗം മേധാവി ഹുസൈൻ അമാൻ അൽ അലി പറഞ്ഞു.
ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ്ക്രസന്റ് സൊസൈറ്റീസ് സന്നദ്ധ പ്രവർത്തകരുടെ പ്രായം 18ൽനിന്നും അഞ്ചും അതിന് മുകളിലുള്ളവരുമായി പുനർനിശ്ചയിച്ചിട്ടുണ്ടെന്നും അടുത്ത അധ്യായന വർഷത്തിൽ 11,000 മുതൽ 15,000 വരെ വിദ്യാർഥികളെ വളന്റിയർമാരായി പരിശീലിപ്പിക്കാൻ പദ്ധതിയുണ്ടെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഹുസൈൻ അമാൻ അൽ അലി കൂട്ടിച്ചേർത്തു.
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനു (കഹ്റമ)മായി സഹകരിച്ച് സന്നദ്ധ സേവന സംസ്കാരം സൃഷ്ടിക്കുന്നതിന് കരാർ ഒപ്പുവെച്ചതായും ഇതിന്റെ ഭാഗമായി പ്രഥമ ശിൽപശാല നടന്നതായും അൽ അലി വ്യക്തമാക്കി. 2025 അവസാനത്തോടെ ഖത്തറിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലേക്കും പദ്ധതി എത്തിക്കാനാണ് ശ്രമം.
സന്നദ്ധ സേവനത്തിൽ സുസ്ഥിരതയുമായി ബന്ധപ്പെട്ട് ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നതിന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസുമായി ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി കരാർ ഒപ്പുവെച്ചു.
അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധികളിലും ക്രിയാത്മകമായി പ്രതികരിക്കാനും ആവശ്യമായ അറിവും നൈപുണ്യവും നൽകുന്നതിനും കമ്യൂണിറ്റി അംഗങ്ങൾക്കും സ്ഥാപനങ്ങൾക്കും ഖത്തർ റെഡ്ക്രസന്റ് പരിശീലന കോഴ്സുകളും പരിപാടികളും ശിൽപശാലകളും നൽകുന്നതായും അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.