കണ്ണീരൊപ്പുന്ന റമദാൻ
text_fieldsദോഹ: വിശുദ്ധ റമദാനിലെ കാരുണ്യവും കരുതലും ദേശാതിർത്തികളില്ലാതെ വൻകരകൾക്കപ്പുറത്തേക്ക് ഒഴുക്കി ഖത്തർ. ആഭ്യന്തര യുദ്ധവും പ്രകൃതി ദുരന്തങ്ങളും മുതൽ ദാരിദ്ര്യം വരെ പ്രതിസന്ധിയിലാക്കിയ രാജ്യങ്ങൾക്ക് എന്നും കരുതലാവുന്ന ഖത്തറിന്റെ അന്താരാഷ്ട്ര ജീവകാരുണ്യ പ്രസ്ഥാനമായ ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റി റമദാനിൽ സഹായമെത്തിക്കുന്നത് 18 രാജ്യങ്ങളിലേക്ക്. ഇത്തവണ 145 പദ്ധതികളാണ് വിവിധ വൻകരകളിലായി നടപ്പാക്കുന്നതെന്ന് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി നടപ്പാക്കുന്ന പദ്ധതികൾ 16 ലക്ഷം ഗുണഭോക്താക്കളിലേക്ക് എത്തും.
റമദാനിൽ ജീവകാരുണ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി റമദാൻ കാമ്പയിൻ സംഘടിപ്പിക്കുന്നത്. ‘ഡ്യൂട്ടി ടു ഹെൽപ്’ എന്നപേരിൽ 18 രാജ്യങ്ങളിൽ 2,34,000 പേർക്ക് ഇഫ്താറിനും സുഹൂറിനുമായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. ഖത്തറിലെ ജനങ്ങളിൽ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ലോകമെമ്പാടുമുള്ള 16 ലക്ഷം ജനങ്ങൾക്കായി നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. കുടിവെള്ളം, ശൗചാലയങ്ങൾ, യുദ്ധവും സംഘർഷവും നേരിടുന്ന ജനങ്ങൾക്കുള്ള മാനസിക, ആരോഗ്യ പിന്തുണ, ചികിത്സ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടും.
റമദാനിലും പെരുന്നാളിനുമായി ഫിത്ർ സകാത്, ഈദ് പുതുവസ്ത്രങ്ങൾ, ഭക്ഷ്യ വിഭവങ്ങൾ എന്നിവയും അധികമായി നൽകും. യുദ്ധവും ഉപരോധവും മൂലം ദുരിതത്തിലായ ഗസ്സയിലും ആഭ്യന്തരയുദ്ധം രൂക്ഷമായ സോമാലിയയിലും നിരവധി സേവനങ്ങളാണ് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി നൽകിവരുന്നത്. ഗസ്സയിലേക്ക് 85 ദുരിതാശ്വാസ വിമാനങ്ങളിലായി ഇതിനകം 2506 ടൺ വസ്തുക്കൾ ഖത്തർ എത്തിച്ചു. കഴിഞ്ഞ വർഷം റമദാൻ കാമ്പയിനിന്റെ ഭാഗമായി 40 രാജ്യങ്ങളിൽ 11.8 കോടി റിയാലിന്റെ പദ്ധതികളാണ് റെഡ് ക്രസന്റ് നടപ്പാക്കിയത്. 2022ൽ ഒരുവർഷം നീണ്ടുനിന്ന പദ്ധതിയിലൂടെ ഏഴ് കോടി റിയാലിന്റെ പദ്ധതികൾ വിവിധ രാജ്യങ്ങളിലായും നടപ്പാക്കി.റമദാനിൽ സകാത് ഉൾപ്പെടെ വിവിധ ധനശേഖരങ്ങളിലൂടെ സമാഹരിക്കുന്ന തുക തങ്ങളുടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുണയാവുന്നതായി ക്യൂ.ആർ.സി.എസ് ആക്ടിങ് സെക്രട്ടറി ജനറൽ ഫൈസൽ അൽ ഇമാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.