ഗസ്സയിലെ അൽ ഫഖൂറ ഹൗസ് പുനഃസ്ഥാപിച്ച് ഖത്തർ
text_fieldsദോഹ: ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന അൽ ഫഖൂറ ഹൗസിന്റെ പ്രവർത്തനം പുനരാരംഭിച്ച് ഖത്തർ ആസ്ഥാനമായ എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ). ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ പിന്തുണയോടെയാണ് അൽ ഫഖൂറയുടെ പ്രവർത്തനം വീണ്ടും യാഥാർഥ്യമാക്കിയത്. 2023 ഒക്ടോബർ 12നാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ അൽ ഫഖൂറ ഹൗസ് പൂർണമായും തകർന്നടിഞ്ഞത്.
സംഘർഷബാധിത സമൂഹങ്ങളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും യുവാക്കളെ ശാക്തീകരിക്കുന്നതിനുമുള്ള ഫൗണ്ടേഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അൽ ഫഖൂറ ഹൗസ് വീണ്ടും തുറന്നിരിക്കുന്നത്. 2010ൽ സ്ഥാപിതമായത് മുതൽ അൽ ഫഖൂറ ഹൗസ് വിദ്യാർഥി സേവനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള ഒരു പ്രധാന കേന്ദ്രമായി പ്രവർത്തിച്ചുവരുകയായിരുന്നു. ഗസ്സയിലെ വിദ്യാർഥികളുടെയും യുവാക്കളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനും സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നതിനും അൽഫഖൂറ ഹൗസ് നിർണായക പങ്ക് വഹിച്ചിരുന്നു.
ഗസ്സയിലെ വിദ്യാഭ്യാസ മേഖലയിലെ അടിയന്തര പ്രതികരണ ശ്രമങ്ങളുടെ വിജയത്തിന് അൽ ഫഖൂറ ഹൗസിന്റെ പ്രവർത്തനം നിർണായകമായ സാഹചര്യത്തിലാണ് വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്. ഒരു കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനപ്പുറം അൽ ഫഖൂറ ഹൗസ് വീണ്ടും തുറക്കുന്നതും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതും പഠനത്തിനും പ്രതിരോധത്തിനും ശാക്തീകരണത്തിനുമുള്ള ചുവടുവെപ്പാണെന്ന് അൽ ഫഖൂറ പ്രോഗ്രാം ഡയറക്ടർ തലാൽ അൽ ഹുതാൽ പറഞ്ഞു. 2009ൽ ഗസ്സക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിനു ശേഷം സ്ഥാപിതമായ അൽ ഫഖൂറ ഹൗസിന്, ആക്രമണത്തിനിടെ സാധാരണക്കാർ അഭയം പ്രാപിച്ച ജബാലിയ അഭയാർഥി ക്യാമ്പിലെ അൽ ഫഖൂറ സ്കൂളിൽ നിന്നാണ് പേര് നൽകിയത്.
ആക്രമണങ്ങളിൽ തകർന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ പുനർനിർമിക്കുക, കുട്ടികൾക്കും യുവാക്കൾക്കും മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുക, ഭിന്നശേഷിക്കാരായ വിദ്യാർഥികൾ തൊഴിലധിഷ്ഠിത പരിപാടികൾ നടപ്പാക്കുക തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളോടെയാണ് അൽ ഫഖൂറ ഹൗസ് പ്രവർത്തനമാരംഭിക്കുന്നത്. നിരവധി സേവനങ്ങളാണ് അൽ ഫഖൂറ ഹൗസ് നൽകിയിരുന്നത്. ഇതുവരെ 525 സ്ത്രീകളും 474 പുരുഷന്മാരുമുൾപ്പെടെ 999 പേർക്ക് സ്കോളർഷിപ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.