ഖത്തർ യാത്രാ നയങ്ങളിൽ പരിഷ്കാരം; വാക്സിൻ സ്വീകരിച്ചവർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധം
text_fieldsദോഹ: ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ ക്വാറൻറീൻ നിബന്ധനകളിൽ വീണ്ടും പരിഷ്കാരവുമായി ഖത്തർ. കോവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ ഇന്ത്യൻ യാത്രക്കാർക്കും ആഗസ്റ്റ് രണ്ട് മുതൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
പുതിയ പരിഷ്കാരങ്ങൾ തിങ്കളാഴ്ച ഉച്ച 12 മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 12ന് നടപ്പിലായ യാത്ര ഇളവുകളിൽ ഭേദഗതി വരുത്തിയാണ് ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ് എന്നീ കിഴക്കനേഷ്യൻ രാജ്യങ്ങൾക്ക് പുതിയ ക്വാറൻറീൻ ചട്ടങ്ങൾ നടപ്പിലാക്കിയത്.
ഇതോടെ, തിങ്കളാഴ്ച മുതൽ ഖത്തറിലെത്തുന്ന എല്ലാ ഇന്ത്യക്കാർക്കും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമായി. ഖത്തറിൽനിന്ന് രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർക്കും ഇവിടെനിന്ന് കോവിഡ് ബാധിച്ച് ഭേദമായവർക്കും ഇന്ത്യയിൽനിന്ന് മടങ്ങിയെത്തുേമ്പാൾ രണ്ടു ദിവസ ഹോട്ടൽ ക്വാറൻറീൻ വേണം.
രണ്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധനഫലം നെഗറ്റിവായാൽ പുറത്തിറങ്ങാം.ഖത്തറിന് പുറത്തുനിന്ന് വാക്സിൻ എടുത്ത യാത്രക്കാർക്ക് 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി.
രാജ്യത്തിന് പുറത്തുനിന്ന് കോവിഡ് ഭേദമായി മടങ്ങിയെത്തുന്നവർക്കും ഇതേ ചട്ടം ബാധകമാവും. ഓൺ അറൈവൽ, സന്ദർശക വിസയിലുള്ള യാത്രക്കാർക്കും 10 ദിവസ ക്വാറൻറീൻ നിർബന്ധമാവും.
ജൂൺ 12ന് നടപ്പിലായ യാത്രാനയത്തിനു പിന്നാലെ, ഓൺ അറൈവൽ വിസ അനുവദിച്ചു തുടങ്ങിയതോടെ ഖത്തർ വഴി സൗദി, യു.എ.ഇ എന്നിവിടങ്ങളിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ യാത്ര തുടങ്ങിയപ്പോഴാണ് ക്വാറൻറീനിൽ പുതിയ പരിഷ്കാരം നടപ്പിലാവുന്നത്. വെള്ളിയാഴ്ചയാണ് ആദ്യസംഘം സൗദിയിലെത്തിയത്.
ഇനി ക്വാറൻറീൻ കാലം
ദോഹ: ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് ഖത്തറിൻെറ വാതിലുകൾ 20ഓളം ദിവസം മലർക്കെ തുറന്നിട്ട ശേഷം, വീണ്ടും പിടിമുറുകുന്നു. ജൂൺ 12ന് പ്രാബല്യത്തിൽ വന്ന പുതിയ യാത്ര നയങ്ങൾക്കു ശേഷം, സന്ദർശക വിസയിലും ഓൺ അറൈവൽ വിസയിലുമായി ആയിരക്കണക്കിന് പ്രവാസികൾ ഖത്തറിലേക്ക് വന്നുതുടങ്ങിയതോടെയാണ് ക്വാറൻറീൻ ചട്ടങ്ങളിൽ ഭേദഗതി വരുന്നത്. ഖത്തറിലെ ഇന്ത്യൻ എംബസി വെള്ളിയാഴ്ച ഉച്ച ട്വിറ്ററിലൂടെയാണ് പുതിയ മാറ്റം അറിയിച്ചത്. ട്വീറ്റ് ആരോഗ്യ മന്ത്ര്യാലയം ഔദ്യോഗികമായ സ്ഥിരീകരിച്ചു.
ഖത്തർ അംഗീകൃത കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചാൽ ക്വാറൻറീൻ ഇല്ലാതെ മടങ്ങിയെത്താമെന്ന സ്വപ്നങ്ങൾക്കാണ് പുതിയ പരിഷ്കാരങ്ങൾ തിരിച്ചടിയായത്. ഇനി ഖത്തറിൽനിന്നുതന്നെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് നാട്ടിലേക്ക് പോയവർക്കും തിരികെ എത്തുേമ്പാൾ രണ്ടു ദിവസ ഹോട്ടൽ ക്വാറൻറീൻ അനിവാര്യമായി.
കോവിഡ് രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തത് മുതൽ നടപ്പാക്കിയ ക്വാറൻറീൻ സംവിധാനത്തിൽ ജൂലൈ 12 മുതലായിരുന്നു മാറ്റം വന്നത്. അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്ക് ദോഹയിലെത്തി 36 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ പരിശോധന ഫലത്തിൻെറ ഉപാധിയിൽ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. നേരത്തേ പത്തു ദിവസ ക്വാറൻറീനിൽ കഴിഞ്ഞവർ മൂന്ന് ആർ.ടി.പി.സി.ആർ പരിശോധനയിലും നെഗറ്റിവായ ശേഷമായിരുന്നു പുറത്തിറങ്ങിയത്. ഇനി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും ഡിസ്കവർ ഖത്തർ വഴി ബുക് ചെയ്ത്, മറ്റു യാത്രനിബന്ധനകൾ കൂടി പാലിച്ചുതന്നെ വേണം ഖത്തറിലേക്ക് പുറപ്പെടാൻ.
വിമാനത്താവളത്തിൽനിന്നും നേരിട്ട് ഹോട്ടലിലെത്തിയ ശേഷം, രണ്ടാം ദിനം പരിശോധനക്കുശേഷം നെഗറ്റിവായാൽ ഇവർക്ക് താമസസ്ഥലത്തേക്ക് പോകാൻ കഴിയും.
ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിൻ ഉൾപ്പെടെ, ഖത്തറിന് പുറത്തുനിന്നും വാക്സിൻ സ്വീകരിച്ചവർ മടങ്ങിയെത്തുേമ്പാൾ 10 ദിവസം ക്വാറൻറീൻ നിർബന്ധമായി.ഇവർ ഖത്തർ റെസിഡൻറ് പെർമിറ്റുള്ളവരാണെങ്കിലും ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാവും.
വാക്സിൻ സ്വീകരിക്കാത്ത റെസിഡൻറ് പെർമിറ്റുള്ളവർക്ക് തിരികെ വരാമെങ്കിലും പത്തു ദിവസ ക്വാറൻറീൻ അനിവാര്യമാണ്. പുതിയ പരിഷ്കാരപ്രകാരം, ഖത്തറിന് പുറത്തുനിന്നും വാക്സിൻ സ്വീകരിച്ച സന്ദർശക, കുടുംബ, തൊഴിൽ വിസയിലെ യാത്രക്കാർക്കും 10ദിന ക്വാറൻറീൻ നിർബന്ധമാവും. 10 ദിവസം നീണ്ട പെരുന്നാൾ അവധിക്കൊപ്പം, വാർഷിക അവധി കൂടി എടുത്ത് നാട്ടിലേക്ക് മടങ്ങിയ ഖത്തർ പ്രവാസികൾക്ക് കൂടിയാണ് യാത്ര നിബന്ധനകളിലെ മാറ്റങ്ങൾ തിരിച്ചടിയാവുന്നത്. ക്വാറൻറീൻ ചട്ടം കാരണം നാട്ടിലേക്ക് മടങ്ങാതിരുന്ന പലരും കഴിഞ്ഞ യാത്ര നയങ്ങളുടെ ആശ്വാസത്തിലാണ് ജൂൈല പകുതിയോടെ ഇന്ത്യയിലേക്ക് തിരിച്ചത്.
പുതിയ ക്വാറൻറീൻ നിബന്ധന ഇങ്ങനെ
ഖത്തറിൽനിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച റെസിഡൻറ് പെർമിറ്റുള്ളവർക്കും കോവിഡ് ഭേദമായവർക്കും ഇന്ത്യയിൽനിന്ന് മടങ്ങിയെത്തുേമ്പാൾ രണ്ടു ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. രണ്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നെഗറ്റീവായാൽ അന്നുതന്നെ താമസ സ്ഥലത്തേക്ക് മടങ്ങാം.
റെസിഡൻറ് പെർമിറ്റുള്ള യാത്രക്കാരൻ, ഖത്തറിന് പുറത്തുനിന്നാണ് വാക്സിൻ സ്വീകരിച്ചതെങ്കിൽ മടങ്ങിയെത്തുേമ്പാൾ 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. (രാജ്യത്തിന് പുറത്തുനിന്നും കോവിഡ് വന്ന് ഭേദമായവർക്കം ഇത് ബാധകം).
കുടുംബ, ടൂറിസ്റ്റ്, തൊഴിൽ വിസയിലെത്തുന്ന യാത്രക്കാർ രാജ്യത്തിന് പുറത്തു നിന്നാണ് വാക്സിൻ സ്വീകരിച്ചതെങ്കിൽ അവർക്കും 10 ദിവസ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം
വാക്സിൻ സ്വീകരിക്കാത്ത കുടുംബ, സന്ദർശക, ടൂറിസ്റ്റ്, ബിസിനസ് വിസയുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം ഉണ്ടാവില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.