ഖത്തർ റൺ: കിറ്റ് വിതരണം ഇന്നും നാളെയും
text_fieldsദോഹ: ഖത്തർ ആവേശപൂർവം കാത്തിരിക്കുന്ന അൽസമാൻ എക്സ്ചേഞ്ച് റിയാമണി ഖത്തർ റണ്ണിന് ഇനി രണ്ടുദിവസം മാത്രം. 24ന് രാവിലെ ആറിന് അൽബിദ പാർക്കിലാണ് ഖത്തർ റണ്ണിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. 60ലേറെ രാജ്യങ്ങളിൽനിന്നായി 700ലേറെ താരങ്ങളാണ് ഇക്കുറി മത്സരിക്കാൻ കച്ചമുറുക്കുന്നത്.
ഖത്തർ റണ്ണിനുള്ള ജഴ്സി, ഇലക്ട്രോണിക് ബിബ് എന്നിവയടങ്ങിയ കിറ്റിന്റെ വിതരണം ബുധൻ, വ്യാഴം ദിവസങ്ങളിലായി നടക്കും. രാവിലെ പത്തുമുതൽ ആറുവരെ ഗൾഫ് സിനിമ സിഗ്നലിനടുത്തുള്ള മിസ്ർ ഇൻഷുറൻസ് ബിൽഡിങ്ങിലെ ‘ഗൾഫ് മാധ്യമം’ ഖത്തർ ഓഫിസിലാണ് വിതരണം. ഇ-മെയിൽ വഴി ഇൻവിറ്റേഷൻ ലഭിച്ചിട്ടുള്ളവർ ഓഫിസിലെത്തി കിറ്റ് കൈപറ്റേണ്ടതാണ്.
കുട്ടികൾക്കും മുതിർന്നവർക്കുമായി മാസ്റ്റേഴ്സ്, ഓപൺ വിഭാഗങ്ങളിൽ മത്സരങ്ങളുണ്ട്. 10 കി.മീ., അഞ്ച് കി.മീ., മൂന്ന് കി.മീ. ദൂരവിഭാഗങ്ങളിൽ 16 കാറ്റഗറികളിലായി മത്സരം നടക്കും.
10 കി.മീ., അഞ്ച് കി.മീ. ഇനങ്ങളിൽ ഓപൺ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും മത്സരമുണ്ട്. മൂന്ന് കി.മീ. ഇനത്തിൽ ഓപൺ, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി വനിതകൾക്കും പുരുഷന്മാർക്കും പുറമെ, ജൂനിയേഴ്സിനും മത്സരമുണ്ടാകും. ജൂനിയേഴ്സിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെക്കൻഡറി, പ്രൈമറി വിഭാഗങ്ങളിൽ മത്സരങ്ങൾ അരങ്ങേറും.
മിനി കിഡ്സ് വിഭാഗത്തിൽ ഏഴുവയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വെവ്വേറെ മത്സരങ്ങളുണ്ടാകും. ഖത്തർ റണ്ണിന്റെ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കും രസകരവും ആകർഷകവുമായ ഫൺ ഗെയിമുകളും അരങ്ങേറും.
സിറ്റി ജിം അവതരിപ്പിക്കുന്ന സുംബ, എയറോബിക്സ്, ഹൈ ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ്, സിസ്റ്റമാറ്റിക് പ്രീ റൺ വാംഅപ്, പോസ്റ്റ് റൺ കൂൾ ഡൗൺ സെഷനുകൾ ഖത്തർ റണ്ണിനെത്തുന്നവർക്ക് രസകരമായ അനുഭവമൊരുക്കും.
കുട്ടികളുടെ പ്രൈമറി-സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 40നുമുകളിൽ പ്രായമുള്ളവർക്ക് മാസ്റ്റേഴ്സിൽ മത്സരിക്കാം. 17നു മുകളിൽ പ്രായക്കാർക്ക് ഓപൺ വിഭാഗത്തിലും പങ്കെടുക്കാം. ജൂനിയർ സെക്ഷനിൽ ഏഴു മുതൽ 10 വരെ പ്രായമുള്ളവർ പ്രൈമറി വിഭാഗത്തിലും 11 മുതൽ 16 വരെ പ്രായക്കാർ സെക്കൻഡറി വിഭാഗത്തിലും മത്സരിക്കും. ഫിനിഷ് ചെയ്യുന്നവർക്കെല്ലാം ആകർഷകമായ മെഡൽ സമ്മാനമായി ലഭിക്കും. ഇലക്ട്രോണിക് ബിബുകൾ വഴിയാണ് സമയവും വേഗവുമടക്കം റണ്ണർമാരുടെ പ്രകടനം അടയാളപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.