‘രാമനുണ്ണി മാഷും കുട്ട്യോളും’ കൂടിയിരുത്തം സംഘടിപ്പിച്ച് ഖത്തർ സംസ്കൃതി
text_fieldsദോഹ: മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ ലോക വായനദിനത്തിൽ ‘രാമനുണ്ണി മാഷും കുട്ട്യോളും’ പരിപാടി സംഘടിപ്പിച്ചു. ചാപ്റ്ററിന് കീഴിലെ പഠിതാക്കൾക്ക് മലയാളത്തിലെ പ്രമുഖ സാഹിത്യ സാംസ്കാരിക നായകന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായി പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണിയെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തിയത്.
സംസ്കൃതി ഓഫിസിൽ നടന്ന പരിപാടിയിൽ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നായി 50ൽപരം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. സവിശേഷ സമൂഹമായി മലയാളി മാറിയതിനും നിലനിൽക്കുന്നതിനും മലയാള ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് കെ.പി. രാമനുണ്ണി പറഞ്ഞു. മനുഷ്യന്റെ വൈകാരിക ഭാവങ്ങളെ ഉൾക്കൊണ്ട് സഹജീവികളുടെ ഹൃദയങ്ങളെ സ്പർശിക്കാൻ മാതൃഭാഷകൾക്കേ കഴിയൂ എന്നും ലോകപ്രശസ്ത എഴുത്തുകാരെല്ലാം മാതൃഭാഷയെ ഹൃദയത്തിൽ ഏറ്റിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠിതാക്കളുടെ സർഗപ്രകാശനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. മലയാളം മിഷൻ ഖത്തർ സംസ്കൃതി ചാപ്റ്റർ സെക്രട്ടറി ബിജു പി. മംഗലം, മേഖല കോഓഡിനേറ്റർ ഒ.കെ. സന്തോഷ്, റിസോഴ്സ് ടീം കൺവീനർ ശിവദാസൻ, കമ്മിറ്റിയംഗങ്ങളായ ജസിത, സൗഭാഗ്യ, ഗ്ലൻസി, സബീന, അമിത്, രാജു, മെഹറൂഫ്, അധ്യാപകൻ ബിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം രാമനുണ്ണിക്ക് സ്നേഹോപഹാരം കൈമാറി. സംസ്കൃതി ഭാരവാഹികളായ അപ്പു, സുനീതി, അർച്ചന, ബിജു, അസീസ്, നിതിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.